Friday, 22 January 2016

ഇനിയും എഴുതുവാന്‍ ഏറെ...... (കഥ) 



REVERIE (college magazine 2012-13)-ല്‍ എഴുതിയത്.



ഇനിയും എഴുതുവാന്‍ ഏറെ......


    ദുഃഖം എന്ന വികാരത്തെ മനസ്സില്‍ ഒരു നെടുവീര്‍പ്പിലൊതുക്കാന്‍ ഞാന്‍ പലപ്പോഴും ശ്രമിക്കാറുണ്ട്. എന്നാല്‍ ഇന്നെനിക്കതു കഴിഞ്ഞില്ല. ഇന്നാ ദുഃഖങ്ങള്‍ എന്റെ കണ്ണു നനച്ചു. 
                കോളേജ് മാഗസിന്നു വേണ്ടി ഒരു കഥ എഴുതുവാന്‍ ഇരുന്നതാണ് ഞാന്‍, പക്ഷേ..... എനിക്കതു കഴിയുന്നില്ല. പലപ്പോഴും പലസാഹചര്യങ്ങളില്‍ പല കഥകള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. ആ സമയത്തും ദൈവം നിഴല്‍പോലെ കൂട്ടിനു തന്ന ദുഃഖങ്ങള്‍ ഒന്നൊഴിയാതെ മനസില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന്.... ..ഇന്നും കൂട്ടിനു ആ ദുഃഖങ്ങള്‍ ഉണ്ട്. പക്ഷേ ഒരു വ്യത്യാസം, ഇന്നു ഞാനറിയാതെ എന്റെ കണ്ണുകള്‍ നനഞ്ഞു, എഴുതുവാന്‍ കഴിയുന്നില്ല. പേന പിടിച്ചിരിക്കുന്ന കൈ വിറയ്ക്കുന്നു. മനസ്സു ചിന്തകളെ എന്റെ കഴിഞ്ഞ ജീവിത ഓര്‍മ്മകളിലേക്കു നയിക്കുന്നു, ജീവിതം ദുഃഖങ്ങള്‍ സമ്മാനിച്ച നിമിഷങ്ങള്‍, ഓര്‍മ്മയില്‍ എവിടെയോ കിടന്ന കാര്യങ്ങള്‍ കണ്ണിലൂടെ മിന്നിമറയുന്നു. ഓര്‍മ്മകള്‍ എന്നെ പിന്നിലേക്കു തിരിഞ്ഞു നോക്കാന്‍ പ്രേരിപ്പിക്കുന്നു.
എന്റെ ജനനം മുതല്‍ ഇപ്പോള്‍ ഞാനൊഴുക്കുന്ന കണ്ണുനീര്‍ വരെ ഈ ലോകത്തു നിന്നും വിടപറഞ്ഞതും പറയാത്തതുമായ, ഞാന്‍ സ്നേഹിച്ചതും വെറുത്തതുമായ ഒരുപാടുപേര്‍, ഒരുപാടു കാര്യങ്ങള്‍.... ഇല്ലാ.... എനിക്കെന്നെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. എന്റെ കണ്ണുകള്‍ പെട്ടെന്നു നിറഞ്ഞൊഴുകുന്നു, കണ്ണുകള്‍ മങ്ങുന്നു.

      മനസില്‍ എഴുതാന്‍ ഒരുപാടു കഥകള്‍ ഉണ്ടെങ്കിലും അതൊന്നും മുഴുവനായി എന്റെ കണ്ണുകളില്‍ എത്തിക്കാന്‍ എനിക്കു കഴിയുന്നില്ല. കഥകള്‍ കണ്ണുനീരില്‍ മുങ്ങി താഴുന്നതു പോലെ... ഓര്‍മ്മകള്‍ എന്റെ ശരീരത്തെ തളര്‍ത്തുന്നു. കഥ എഴുതുവാനിരുന്ന എനിക്കു ഓര്‍മ്മകള്‍ കണ്ണുനീര്‍ തന്നു. കഴിയുന്നില്ല എനിക്കു.... എന്നാലും ഞാന്‍ എഴുതുവാന്‍ ശ്രമിക്കാം. ഒരു കഥ, എഴുതുന്ന കഥ മുഴുവനാക്കാന്‍ എനിക്കു കഴിയുമെന്നു തോന്നുന്നില്ല.
 ഇനി നിങ്ങള്‍ വായിക്കുന്നത് കഥയാണ്, ഞാന്‍ എഴുതുന്ന തെറ്റുകള്‍ തിരുത്താത്ത കഥ.,

               ഞാന്‍ ഒരു റോസാച്ചെടിയാണ്. എനിക്ക് ഒരു കാര്യം പറയാനുണ്ട്. പറയാനുള്ളത് കഥയല്ല, ഒരിലയുടെ നൊമ്പരമാണ്. ഒരു റോസാച്ചെടി പറയുന്ന വാക്കുകള്‍ നിങ്ങള്‍ എത്രത്തോളം ഉള്‍ക്കൊള്ളും എന്നെനിക്കറിയില്ല., ഞാനതു പറയാം, എന്നിലിന്നൊരു പൂവിരിഞ്ഞു, ഒരു സുഗന്ധമുള്ള റോസാപ്പൂവ്. ഈ സന്തോഷത്തോടൊപ്പം ഞാനിന്നൊരു ദുഃഖത്തിനും സാക്ഷിയാണ്. അതെ, എന്നില്‍ നിന്നും ഇന്നൊരു ഉണങ്ങിയ ഇല കൊഴിഞ്ഞു. കൊഴിയുന്നതിനു മുന്‍പു ആ ഇല മറ്റൊരിലയോടു തന്റെ ആഗ്രഹങ്ങളും നൊമ്പരങ്ങളും പങ്കുവയ്ക്കുന്നത് ഞാന്‍ കേട്ടു. സംസാരിക്കുമ്പോള്‍ ആ ഇല കരയുകയായിരുന്നു. ആ ഇലയുടെ ആഗ്രഹങ്ങളും നൊമ്പരങ്ങളും ചില വാക്കുകളിലൊതുക്കി അത് എന്നില്‍ നിന്നും ഇളകി അകന്നു. ആ ഇലയുെട വാക്കുകള്‍ ഇങ്ങനെയായിരുന്നു.,
           എന്റെ ജീവിതം അവസാനിക്കുന്നു. ഇനി ഒരിളം കാറ്റിനുപോലും എന്നെ മുഴുവനായി തഴുകുവാന്‍ കഴിയില്ല. എനിക്കൊരു നൊമ്പരമേയുള്ളൂ, ഒരു റോസാച്ചെടിയില്‍ ഒരിലയായി തളിര്‍ത്ത ഞാന്‍, എന്റെ ചെടിയില്‍ ഒരുപാടു റോസാപ്പൂ ക്കള്‍ വിരിയുന്നതിനു സാക്ഷിയായി. പക്ഷേ ഇതുവരെ ആ റോസാപ്പൂ ക്കളുടെ സുഗന്ധമറിയാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. തളിര്‍ത്ത നാള്‍ മുതല്‍ വിരിയുന്ന പൂക്കള്‍ക്കു കീഴില്‍ ജീവിച്ചു ഞാന്‍, ഇപ്പോള്‍ ഇതാ.... മരണം കണ്‍മുന്നില്‍, ഈ സമയത്തു എനിക്കിനി ഒരാഗ്രഹം മാത്രമേ ഉള്ളൂ., ഇനി എനിയ്ക്കൊരു ജന്മമുണ്ടെങ്കില്‍ ആ ജന്മത്തില്‍ എനിക്കു ഈ പൂക്കള്‍ക്കു മുകളിലൂടെ പറക്കുന്ന ശലഭമായി ജനിക്കണം, എനിക്കാ പൂക്കളുടെ സുഗന്ധമറിയണം, എനിക്ക്....

            ഇല്ല, എനിക്കു കഴിയില്ല....
   
   ക്ഷമിക്കണം, ഇതൊരു കഥയല്ല. കഥയിലുള്ള ചില സന്ദര്‍ഭങ്ങള്‍ മാത്രമാണ്. ഈ കഥ മുഴുവനാക്കാന്‍ എനിക്കു കഴിയില്ല, അതിനു എന്റെ മനസ്സ് എന്നെ സമ്മതിക്കുന്നില്ല. എന്റെ മനസ്സ് വേറേ എവിടെയോ സഞ്ചരിക്കുന്നു. ഇനി ഏറെ എഴുതുവാന്‍ എനിക്കു കഴിയില്ല ഞാന്‍ ചുരുക്കുന്നു.
       ജീവിതയാത്രയില്‍ ഞാന്‍ ഏകനല്ല, എനിക്കു കൂട്ടായി എന്റേയും ഞാന്‍ സ്നേഹിക്കുന്നവരുടേയും ദുഃഖങ്ങള്‍ ഉണ്ടാകും, ആ ദുഃഖങ്ങള്‍ക്കും അവര്‍ക്കും കൂട്ടായി ഞാനും.
        ഞാന്‍ ഒരിക്കല്‍ മാത്രമേ ഒറ്റപ്പെടുകയുള്ളൂ,
    അതെന്റെ മരണമായിരിക്കും, അന്ന് എന്റെ ജീവനില്ലാത്ത ശരീരത്തിനു അരികിലിരുന്ന് എന്നെ സ്നേഹിക്കുന്ന പലരുടേയും കണ്ണുകള്‍ നനയുന്നത് ഞാന്‍ കാണും, അന്ന് ആ കണ്ണുനീര്‍ തുടയ്ക്കുവാന്‍ എനിക്കു കഴിയില്ല. അന്ന് ആ കണ്ണുനീരിനു എന്റെ ജീവന്റെ വിലയുണ്ടാകും. അന്നു അവരോടു ഒരു വാക്കും പറയാതെ ഞാന്‍ ഏകനായി അകലേണ്ടിവരും. മരണമെന്ന സത്യം അന്ന് എന്നെ ജീവിതത്തില്‍ നിന്നും ഒറ്റപ്പെടുത്തും, ഞാന്‍.........