Saturday 23 March 2024

കനൽ.



ഞാൻ ജീവിച്ചിരുന്നത്രേ...
ഓർമ്മകൾ ആണത്രേ തെളിവുകൾ...
ജീവിതം എപ്പോഴൊക്കെയോ എന്നെ പഠിപ്പിക്കാൻ ശ്രമിച്ച പാഠങ്ങളുടെ ചിതൽ വീണ ഓർമ്മകൾ മാത്രം എവിടെയോ ബാക്കിനിൽക്കെ...
അല്ലാ...., തീ കനലിൽ ചിതലരിച്ച ചരിത്രമുണ്ടോ..?
കനൽ..., അത് എരിയട്ടെ...

തിരിഞ്ഞ് നോക്കുമ്പോൾ ഏറെയും തിരിച്ചറിവുകൾ മാത്രമാണ് എന്നതാണ് സത്യം...

Friday 22 May 2020




ലോകത്ത് ഒരു അക്ഷരവും, 
എഴുതപ്പെട്ട അർത്ഥത്തിൽ
വായിക്കപ്പെട്ടിട്ടില്ല. 
ചില ജീവിതങ്ങളും അങ്ങനെയാണ്.
മറ്റുള്ളവരുടെ വായനയ്ക്ക് മുന്നിൽ തോറ്റുപോയ ജന്മങ്ങൾ... 
അ൪ത്ഥമില്ലാതലയുന്ന ജീവിതങ്ങൾ... 



Saturday 7 December 2019

ഒരു യാത്ര പോകുകയാണ്.
ഇതൊരു യാത്ര പറച്ചിലല്ല.
ഒരു ക്ഷമാപണം ആണ്.
എന്തിനുവേണ്ടി ക്ഷമ ചോദിക്കണ൦ എന്നു തിരിച്ചു ചോദിച്ചാൽ, അതൊരു ഉത്തരം ഇല്ലാത്ത ചോദ്യമാണ്, ഈ യാത്ര പോലെ.
ഒരു ക്ഷമാപണം കൊണ്ടു തീരുന്നതൊന്നു൦ എന്റെ ജീവിതത്തിൽ ഇല്ല.
എന്റെ ജീവിതം, അതു,
അർഹതയില്ലാത്തവന്റെ നിലയില്ലാത്ത ഒരു ഒഴുക്കായിരുന്നു.
ഞാൻ എന്റെ ജീവിതം കണ്ടെത്തിയത്, എന്റെ ചുറ്റും ഉള്ളവരുടെ കണ്ണിൽ നിന്നും ഞാൻ വീഴിച്ച കണ്ണുനീർ തുള്ളികളിൽ ആയിരുന്നു.
എല്ലാത്തിനും ഒടുവിൽ , ഒരു ക്ഷമാപണവു൦ യാത്രയും.
പക്ഷേ, ചില യാത്രകൾ, അതു നമുക്കു വേണ്ടിയല്ല, മറ്റാ൪ക്കൊക്കെയോ വേണ്ടി നമ്മൾ സ്വയം തിരഞ്ഞെടുത്തു, മറ്റാരോ നിറവേറ്റുന്ന ഒന്നാണ്. അതു നിശബ്ദമായി മാത്രം സംഭവിക്കുന്നതാണ്.
ആ നിശബ്ദത എന്നിലേക്ക് അടുക്കുന്നതു പോലെ...

ഉള്ളിൽ ഉള്ള വേദനകൾക്ക് അർത്ഥമില്ല എങ്കിലും,

ആർക്കുവേണ്ടി എന്തിനുവേണ്ടി ആയിരുന്നു ഞാൻ...?
ആർക്ക് ആരെ മനസിലാക്കാൻ പറ്റി...?


ജീവിതത്തിൽ അർത്ഥമില്ലാത്ത ഒരു വാക്കു മാത്രം...
മാപ്പ്...

Wednesday 13 November 2019





ആർക്കും മുന്നിൽ ജീവിതം 
ഒരു തുറന്ന പുസ്തകം 
ആയി വയ്ക്കരുത്.
കാരണം, 
ആരാണോ അതിലെ സ്നേഹം  
വായിച്ചെടുക്കണ൦ 
എന്നു നീ ആഗ്രഹിച്ചത്, 
ആ ആളായിരിക്കു൦ നിന്നെ 
ഏറ്റവും വേദനിപ്പിക്കുന്നതു൦, 
ആ സ്നേഹം 
മനസ്സിലാക്കാതെ പോകുന്നതും..



Saturday 7 September 2019





ചിലർക്ക് 
കണക്കു കൂട്ടലുകളാണ് ജീവിതം
മറ്റു ചില൪ക്ക് 
കണക്കു പറച്ചിലുകളാണ് ജീവിതം

Thursday 29 August 2019

യാത്ര.




പടിവാതിൽക്കൽ ഇരുട്ടിൽ ആരോ എനിക്കായി കാത്തു നിൽക്കുന്നു.
ഏറെ നേരമായി എന്റെ വരവും കാത്തുനിർക്കുകയാണ്.
ആരോടും യാത്ര പറയാനില്ല.
ക്ഷമ ചോദിക്കാനുണ്ട്.
പക്ഷേ, എന്തിന് എന്നറിയില്ല.
ഞാൻ തോറ്റു പോയിടത്തെല്ലാ൦ , എനിക്കു തെറ്റു പറ്റി എന്നവ൪ പറയുന്നിടത്തെല്ലാ൦.
എനിക്കു ക്ഷമ ചോദിക്കണ൦.
അല്ലെങ്കിൽ, ആരാണ് ക്ഷമ ചോദിക്കാൻ എനിക്കുള്ളതു.
പടിവാതിൽക്കൽ വിളക്കു വെട്ടത്തിനപ്പുറ൦ ഇരുട്ടിൽ എന്നെ കാത്തു നിൽക്കുന്ന ആ സുഹൃത്തിനോട് ഒരു പരിഭവം പറയാൻ മാത്രമേ ഇനി നേരമുള്ളൂ,
ഏറെ വൈകിയിരിക്കുന്നു നീ മരണമേ.. ഏറെ വൈകിയിരിക്കുന്നു.

Tuesday 30 July 2019










ജീവിക്കാൻ കൊതിക്കുന്നവരു൦
ജീവിതം മടുത്തവരു൦
തമ്മിൽ  എന്തോ ഒരു വലിയ യുദ്ധം  
നമുക്കു ചുറ്റും നടക്കുന്നുണ്ട്. 

Saturday 1 June 2019




അടുത്ത ജന്മം എങ്കിലും 
ഒരു നിഴലായി ജനിക്കണം. 
നിറം മാറുന്ന മനുഷ്യരേക്കാൾ,  
നിറം മാറാത്ത നിഴലുകൾ തന്നെയാണ് 
കൂട്ടിനു നല്ലതു.




(നിറം മാറുന്ന മനുഷ്യനു, 
നിറം മാറാത്ത നിഴൽ കൂട്ട്...) 

Sunday 10 February 2019




ഞാൻ ഒരു വിത്തു കണ്ടെത്തി. 
ആ വിത്തു എനിക്കു അർഹതപ്പെട്ടതല്ല എന്നു 
അറിഞ്ഞിട്ടു൦ ഞാനതിനെ സ്നേഹിച്ചു.
സ്നേഹം കൊണ്ടു, വെള്ളവും വളവും ഇട്ടു ഞാനതിനെ
 വളർത്താൻ തുടങ്ങി. 
പക്ഷേ,
വളരാൻ ഒരുങ്ങുന്ന ആ വിത്തു,
ഞാൻ ആഗ്രഹിക്കു൦ പോലെ വളരണ൦,
ഞാൻ ആഗ്രഹിക്കുന്ന അത്രയും ഉയരണ൦,
അല്ലെങ്കിൽ അത്രയേ ഉയരാവൂ,
ഞാനാഗ്രഹിക്കുമ്പോൾ പൂക്കണ൦,
ഞാനാഗ്രഹിക്കു൦പോലെ എനിക്കും മറ്റെല്ലാവ൪ക്കു൦
തണലാകണ൦... 
ഞാനാഗ്രഹിക്കു൦പോലെ... 
ഞാനാഗ്രഹിക്കു൦പോലെ... 

എന്നു ആഗ്രഹിക്കുന്നതു തെറ്റു തന്നെയാണ്. 
അല്ല, 
എന്തു൦, ആഗ്രഹിക്കുന്നതു തെറ്റു തന്നെയാണ്. 


Saturday 20 October 2018







പ്രളയം ബാക്കിവെച്ച
രണ്ടു തെറ്റുകൾ,
മലയും, മനുഷ്യനും.



Wednesday 17 October 2018






നമ്മുടെ സ്നേഹം മനസ്സിലാക്കാൻ മറ്റുള്ളവർക്ക് 
കഴിയുന്നില്ല എങ്കിൽ,
അവർ ഒഴിവാക്കാൻ തുടങ്ങുന്നു എന്ന് 
തോന്നി തുടങ്ങിയാൽ, 
നാളെ,
അങ്ങനെ സംഭവിക്കുന്നതിനു മുന്നേ,

അവരുടെ ജീവിതത്തിൽ നിന്നും 
ഒഴിവായി കൊടുക്കണം.
ഒരു കൈ ദൂരം അകലെ നിന്ന് അവരെ മറ്റാരും 

സ്നേഹിക്കുന്നതിലും അധികം സ്നേഹിക്കണം.
അതു കാണാതെ അടുത്ത് നിന്നും അവർ പോകട്ടെ.
അവരോടു പറയാൻ പരിഭവങ്ങളും പരാതികളും 

വേദനകളും ഒന്നും ഇല്ല.
ചങ്കിൽ തട്ടി ഒരു ചിരി കാത്തു വച്ചിട്ടുണ്ട്....


Tuesday 29 May 2018





ഇനി കെവിൻ ഇല്ല.
അവൻ കൊടുത്ത പ്രണയത്തിന്റെ ഓർമ്മയിൽ 
അവൾ ജീവിക്കും, കെവിന്റെ വിധവ എന്ന പേരിൽ.
പ്രണയിച്ചതിന്റെ പേരിൽ, പ്രണയത്തിനായി ഒരു 
രക്തസാക്ഷി കൂടി.
സ്നേഹിച്ചതാണോ അവന് ചെയ്ത തെറ്റ്, അതോ 
സ്നേഹിച്ച പെണ്ണിനു ജീവിതം കൊടുത്തതോ..?

സ്നേഹത്തിന്റെ വില അറിയാത്തവർക്ക് അതു 
പറഞ്ഞാൽ മനസിലാകണം എന്നില്ല.
തമ്മിൽ തമ്മിൽ കുറ്റം പറയുന്നവർ ഒന്ന് ഓർക്കുക,
ഇതു ഇങ്ങനെയാണ്, ഇനിയും ഇങ്ങനെ തന്നെ, 
ഇതു കേരളം ആണ്.
നീയും ഞാനും ജീവിക്കുന്ന നാട്...


ഇതിന്റെ പേരിൽ ലാഭം ഉണ്ടാക്കുന്ന 
സംഘടനകളോടും വ്യക്തികളോടും...
ആ കണ്ണുനീർ നിങ്ങളുടെ ആരുടെയും 
തലയിൽ വീഴാതിരിക്കട്ടെ...
ഒരു പ്രണയമാണ്...
ഒരു ജീവനാണ്...
ഒരു കുടുംബമാണ്...ഇല്ലാതായത്...


Monday 26 March 2018

വാ കീറിയ ദൈവങ്ങൾ അന്നം മുടക്കുമ്പോൾ...





വാ കീറിയ ദൈവങ്ങൾ അന്നം മുടക്കുമ്പോൾ...





ഈ വാചകം എന്റെ ഹൃദയം കീറിമുറിക്കുന്നു...
ഈ വാക്കുകൾ എന്നെ കൊല്ലും മുമ്പ് , ഞാൻ ഈ വാക്കുകളെ കീറിമുറിച്ച് നിങ്ങൾക്ക് തരും, എന്റെ മുന്നിൽ കണ്ടതെല്ലാം , ഉള്ളിൽ എരിയുന്ന കനലുകളെല്ലാം കത്തിപടരും....
കാത്തിരിക്കുക............(ലേഖനം)

Saturday 3 March 2018

വര





ചിലപ്പോൾ, ചിലതു ഉള്ളിൽ ചിതലരിക്കാതെ കിടക്കും,
പൊടി തട്ടി എടുക്കാൻ കഴിയുന്നില്ല എന്നതാണ് സത്യം....
10 വർഷങ്ങൾക്കു ശേഷം ഒരു ചെറിയ ശ്രമം...

Friday 2 March 2018




ഒരിടത്ത് സ്വന്തം മുലപ്പാൽ കുടിക്കേണ്ടുന്ന മക്കൾ
ആ മാറിൽ മരിച്ചു വീഴുന്ന കണ്ണുനീർ കാഴ്ച്ച...
സ്വന്തം മക്കൾക്കായി ഉള്ള അമ്മമാരുടെ നിലവിളി ഒച്ച...

മറ്റൊരിടത്ത് പാൽ ചുരത്താത്ത മുലകൾ
കുഞ്ഞുങ്ങളുടെ വായിൽ വച്ചു,
തുറിച്ചു നോക്കരുത് ഞങ്ങൾക്ക് മുലയൂട്ടണം,
മാറിടം കാണിക്കും നോക്കരുത്,
എന്ന് വെല്ലുവിളിക്കുന്ന ഒരു സമൂഹം...
.
ഇതു ആർക്കും ഒരു മറുപടി അല്ല,
നിങ്ങൾക്കു മറുപടി നല്കാൻ എന്നെക്കാൾ, 
അല്ലെങ്കിൽ ഈ സമൂഹത്തേക്കാൾ നല്ലതു, 
നിങ്ങളെ മുലയൂട്ടി വളർത്തിയ നിങ്ങളുടെ 
അമ്മമാർ തന്നെയാണ്...
കേരളത്തിലെ അമ്മമാർ
ശബ്ദിക്കട്ടെ...

Thursday 22 February 2018



മാപ്പ് തരൂ...
വിശന്നു അന്നം കൊതിച്ച വായിലൂടെ 
ചോര വന്ന നേരം,
നിന്റെ കണ്ണുനീർ മണ്ണിൽ വീണ നേരം.,
നിന്നെ വേദനിപ്പിച്ച സമൂഹത്തോട് ഒരു പരാതിയും 
പറയാതെ നീ പോയ നേരം,
ലോകത്തോട് നീ പറയാതെ പറഞ്ഞ ഒരു സത്യമുണ്ട്..,
"ഇന്നു ഞാൻ നാളെ നീ......."

വിശപ്പടക്കാൻ കട്ടതിന്റെ പേരിൽ ഒരു പാവത്തിന്റെ
ജീവൻ എടുത്തവരോട്........
മനുഷ്യനാണ്... വിശന്നിട്ടാണ്...
വിശപ്പിന്റെ വില നിനക്കു അറിയില്ല...
ജീവന്റെ വില നിനക്കു അറിയില്ല...
നാളെ നിനക്കും ഈ അവസ്ഥ വരാതിരിക്കട്ടെ...

Friday 15 December 2017





പറയാതെ പോയ പ്രണയം ...
അത് ഹൃദയത്തിന്റെ ആഴങ്ങളിൽ ,
നിശബ്ദതയുടെ ഏതോ കോണിൽ ,
 ജീവിതവും മരണവും കാണാതെ കിടക്കുന്നു 
എന്നതാണ് സത്യം.....
വേദനിക്കുവാനോ, സന്തോഷിക്കുവാനോ 
അർഹതയില്ലാത്ത ഭ്രാന്തമായ ചില ഓർമ്മകളായി 
മാത്രം...........

Monday 13 November 2017






അർഹതയില്ലാത്തവൻ ആഗ്രഹിച്ചാൽ അതിന്റെ പേരാണത്രേ......അത്യാഗ്രഹം...
വഴിയരികിൽ പിച്ച എടുക്കുന്നവനെ നോക്കി,
കൈയ്യിൽ കാശുള്ളവൻ വലിച്ചെറിയുന്ന ചില്ലറ പൈസ, വിശപ്പിന്റെ കഥപറയും...
ആഗ്രഹത്തിന്റെയും അത്യാഗ്രഹത്തിന്റെയും
അന്തരം കാട്ടിത്തരും.
അർത്ഥമില്ലാത്ത രണ്ടു വാക്കുകൾ,
അർഹതയും അനർഹതയും...
ഇതൊരു ചോദ്യമായി നിൽക്കട്ടെ..
നാളെ ഒരുപക്ഷെ ആ പിച്ചക്കാർക്കിടയിൽ
എന്നെയും കണ്ടേക്കാം, അതു,
വിശപ്പു മാറ്റാൻ ആവില്ല,
ഒരിറ്റു സ്നേഹത്തിനു വേണ്ടി ആകും.
അർഹതയില്ലാത്ത സ്നേഹം ആഗ്രഹിച്ചും,
അർഹത നോക്കാതെ സ്നേഹം കൊടുത്തും,
ലോകത്ത് ഒറ്റപ്പെട്ടുപോയ ഒരുവന്റെ അവസ്ഥ.
നീ അർഹതയുടേയും അനർഹതയുടേയും പേരിൽ തള്ളിക്കളഞ്ഞ സ്നേഹത്തിന്റെ  നോവറിഞ്ഞവൻ.....
അന്നും ഈ അർഹതകെട്ടവന്റെ മുഖത്തൊരു ചിരിയുണ്ടാകും,
അതു തിരിച്ചറിവില്ലാത്ത നിനക്കു ഞാൻ നൽകുന്ന
പിച്ചയായിരിക്കട്ടേ....

Wednesday 25 October 2017










എഴുതിയതിൽ ശരിയും തെറ്റും ഉണ്ടെന്നും, അവ വെട്ടിതിരുത്തണം എന്നും ആരോ എന്നോടു പറയുന്നു.
പക്ഷേ എനിക്കതിനു കഴിയില്ല, കാരണം ഞാൻ
എഴുതിയത് എന്റെ ജീവിതമാണ്........
ശരിയും തെറ്റും നിറഞ്ഞ എന്റെ ജീവിതം........

Friday 20 October 2017













നമ്മൾ ഇഷ്ടപ്പെടുന്നവരുടെ സന്തോഷമാണ് നമ്മൾ ആഗ്രഹിക്കുന്നതെങ്കിൽ,
നമ്മുടെ ചില ഇഷ്ടങ്ങൾ അവർ കാണാതെ മനസ്സിൽ മരിക്കട്ടെ.....
എല്ലാം ഒളിപ്പിച്ചു വച്ച ഒരു കള്ളനെ പോലെ,
എന്റെ ചെറു ചിരി മാത്രം അവർ കാണട്ടെ..........
😊...........

Sunday 1 October 2017







കണ്ണുനീര്‍ ഒരു സാക്ഷിയാണ്...,
ഹൃദയവും വേദനകളും തമ്മിലുള്ള പ്രണയാ-
ര്‍ദ്രനിമിഷങ്ങളെ നനവണിയിക്കുന്ന വെറും-
മൗനസാക്ഷി....







Friday 5 May 2017




ഇരുട്ടുനിറഞ്ഞ ഇന്നലെകളിലേക്കു -
ഞാൻ തിരിഞ്ഞു നോക്കുന്നില്ല.
നാളെ വെളിച്ചം എനിക്കായുദിക്കുമെന്നു -
ഞാൻ വിശ്വസിക്കുന്നുമില്ല.
എനിക്കു വേണമെങ്കിൽ, 
ഈ ഏകാന്തതയ്ക്കു മുന്നിൽ തോറ്റു -
ഈ ജീവിതം ഇരുട്ടിനു നൽകാം...
പക്ഷേ,... 
എനിക്കീ ഇരുട്ടിന്റെ ഏകാന്തതയെ
തുളച്ചു നാളെയൊരു വെളിച്ചം
 കണ്ടെത്തുകതന്നെ വേണം.
കണ്ണിൽ കണ്ണുനീരിന്റെ നനവു മാറും മുൻപു അതിലൂടെ മഴവില്ലു കാണാൻ ഒരിറ്റു വെളിച്ചം...
അതുഞാൻ കണ്ടെത്തുക തന്നെ ചെയ്യും...

Sunday 30 April 2017






               വിധി അനുവദിച്ചാൽ,
മരിക്കുന്നതിനു മുൻപു എനിക്കൊന്നു      
                    ജീവിക്കണം.
         വിധി അനുവദിച്ചില്ലെങ്കിൽ,
       മരിച്ചു കഴിഞ്ഞു എനിക്കൊന്നു
                    ചിരിക്കണം

Friday 17 March 2017




ആരാണു ശരി എന്ന ചോദ്യത്തിനു,
ചോദിക്കുന്നയാൾ ശരിയാണോ എന്ന മറു ചോദ്യം.
എന്റെ ചോദ്യത്തിനു ഉത്തരമാണു വേണ്ടതു,
എന്നതിനു വീണ്ടും അതുതന്നെ മറുപടി,
ചോദിക്കുന്നയാൾ ശരിയാണോ.?

അതിൽ നിന്നും എനിക്കൊന്നു മനസ്സിലായി,
ചോദ്യം ചെയ്യുന്നതിനു മുൻപേ ശരിയാകേണ്ടതു "ഞാനും നീയുമാണ്......"

Sunday 5 February 2017






'ഇന്നലെ'കളുടെ ആത്മാവു തേടിയുള്ള
ഓർമ്മകളുടെ യാത്ര.....
ഇടയ്ക്കെവിടെയോ, അവ ആ ആത്മാവിനെ കണ്ടുമുട്ടിയിരിക്കാം,
അതെ, പിന്നിലെവിടെയോ എനിക്കു നഷ്ടമായ എന്നിലെ  'എന്നെ'...
വേദനകളുടേയും വേർപാടുകളുടേയും നൊമ്പരകണ്ണുനീരിനൊപ്പം-
വഴിയിലെവിടെയോ ഉപേക്ഷിക്കപ്പെട്ട എന്നിലെ 'എന്നെ'.
എങ്കിലും,
നഷ്ടങ്ങൾക്കൊപ്പം നഷ്ടപ്പെട്ടുപോയ ആത്മാവുതേടിയുള്ള
ഓർമ്മകളുടെ യാത്ര വിഫലം.
എന്നിലെ 'എന്നെ' തേടി ഓർമ്മകൾ പിന്നിലേക്കു സഞ്ചരിക്കട്ടെ.
ഞാനില്ലാതെ 'ഞാൻ' മുന്നിലേക്കു സഞ്ചരിക്കാം.....

Sunday 29 January 2017





ഞാൻ കാർമേഘം.
ചിന്തകളിൽ ഇരുൾ ബാധിച്ചിരിക്കുന്നു.
പ്രതീക്ഷയുടെ വെളിച്ചം മറഞ്ഞിരിക്കുന്നു.
ജീവിതം നിലയില്ലാതെ ഒഴുകുന്നു.
ഉള്ളിൽ ഒരായിരം നൊമ്പരങ്ങളുടെ കറുത്ത കാഴ്ച്ചകൾ.
സ്വയം ഉരുകി, കണ്ണുനീരൊഴുക്കി മരിക്കാൻ വിധിക്കപ്പെട്ടവൻ.
ഒരുപക്ഷേ,
ഒഴുകിയൊലിച്ചു നൊമ്പരങ്ങളുടെ കണ്ണുനീർ
കടലിൽ നിന്നും എനിക്കു വീണ്ടും പുനർജനനം
സംഭവിക്കാം....
സംഭവിക്കാതിരിക്കാം.........

Friday 27 January 2017




ചിലതു അങ്ങനെയാണ്,..
അല്ല, ചിലപ്പോൾ അങ്ങനെയാണ്,..
ജീവിതത്തിൽ നിന്നും ചിലതു വേദനയോടെ 
ഞെട്ടറ്റു വീണു അകലുമ്പോൾ, ഹൃദയത്തിന്റെ
ആഴങ്ങളിൽ നിന്നും വേദന ഉയരും.
പക്ഷേ, ആ നഷ്ടങ്ങളും  ജീവിതത്തിനു -ഭംഗിയേകുന്നു എന്നതാണു സത്യം....

Saturday 12 November 2016

മാപ്പ്..ഒരായിരം മാപ്പ്..
നിന്റെ കണ്ണില്‍ നിന്നും താഴെ വീണ-
കണ്ണുനീര്‍ തുള്ളികളില്‍ ഒന്നുപോലും
എന്റെ ഹൃദയം തുളയ്ക്കാതെ കടന്നുപോയിട്ടില്ല..

(തുടരും)

Tuesday 1 November 2016

പുച്ഛം.

പുച്ഛം.

നിന്നില്‍,
നീയും, നിന്റെ 'ഞാനെന്നഭാവവും'
ഗര്‍ഭം ധരിച്ചു പ്രസവിക്കുന്ന
വികാരത്തിന്‍ ഓമനപ്പേരാണ് 'പുച്ഛം..'
.
ഒന്നോര്‍ത്താല്‍ നന്ന്..,
യഥാര്‍ത്ഥത്തില്‍,
ഒരു  ചാപിള്ളയെ പെറ്റുവളര്‍ത്തുന്ന
നിന്നോടെനിക്കു  തോന്നുന്ന വെറുപ്പില്‍
മുങ്ങിയ സഹതാപമാണ് '..പുച്ഛം..'

Saturday 15 October 2016

ഓര്‍മ്മകളില്‍ നഷ്ടബോധത്തിന്റെ കടല്‍
തിരയടിക്കുന്നു.
കണ്ണുനീരുമൊത്തു കിടപ്പറപങ്കിട്ട രാത്രികള്‍
കണ്ണുനീരിന്റെ കഥ പറയുന്നു.
ഇന്നെന്റെ പ്രാര്‍ത്ഥന ഒന്നുമാത്രം,
ഓര്‍മ്മകള്‍ മരിക്കട്ടെ..., ഓര്‍മ്മകള്‍ മരിക്കട്ടെ...,
ഹൃദയത്തിന്റെ ചവറ്റുകൊട്ടയിലേക്കു
വലിച്ചെറിയപ്പെട്ട സത്യങ്ങളാണ്
യഥാര്‍ത്ഥത്തില്‍ ജീവിതം.
ആ സത്യങ്ങള്‍ ഓര്‍മ്മകളില്‍
കൊത്തിവയ്ക്കപ്പെടുന്നില്ല.,
ഇന്നവയ്ക്കുള്ളില്‍ ഞാനും എന്റെ
ഏകാന്തതയും,
എന്റെ മരണത്തെ തിരയുന്നു.....
എന്റെ മരണത്തെ തിരയുന്നു.....

Saturday 24 September 2016

ചിരി.

                            

                        ചിരി.

പിന്നിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍-
കാണുന്നതാണ് എന്റെ കഴിഞ്ഞ കാല-
ജീവിതമെങ്കില്‍,
ചിതറിക്കിടക്കുന്ന ചില കണ്ണുനീര്‍
തുള്ളികളുടെ അവശിഷ്ടങ്ങള്‍ മാത്രമേ-
ഞാന്‍ കാണുന്നുള്ളൂ ..
ഇനി,
പിന്നില്‍ ഞാന്‍ കണ്ടതിന്റെ ആകെ-
തുകയാണ് വരാനുള്ള ജീവിതമെങ്കില്‍,
ആ അവശിഷ്ടങ്ങള്‍ക്കിടയില്‍
നിന്നും ഞാന്‍ കണ്ണുനീര്‍ വറ്റാത്ത
രണ്ടു കണ്ണും എടുത്തു
തിരിഞ്ഞുനോക്കാതെ നടക്കും.
യാത്രയുടെ അവസാനനിമിഷത്തില്‍
ഞാന്‍ എന്റെ ജീവിതത്തെ
നോക്കി 'ചിരിക്കും'.

ഒടുവില്‍, ഒരു ഒടുക്കത്തെ ചിരി.
എനിക്കു കണ്ണുനീര്‍ മാത്രം തന്ന ജീവിതം,-
എന്റെ ചിരി മറക്കാതിരിക്കട്ടെ....

Monday 12 September 2016

പാലം.


               
                  പാലം.

എനിക്കും നിനക്കുമിടയിലെ അല്പദൂരം,
നാമറിയാതെപോയ നമ്മിലെ സ്നേഹദൂരം,
കണ്ണുനീര്‍ പുഴ നീന്തിക്കടന്നു നാം ഒന്നിച്ച-
നാളുകള്‍ ഓര്‍മ്മകളില്‍ മരിക്കുന്നു.
കരയിടിഞ്ഞ സ്വപ്നങ്ങള്‍ക്കുമേല്‍ ഹൃദയങ്ങള്‍-
പണിതപാലം നാം കാണാതെപോയോ..,?
മൗനമായ്  വിടചൊല്ലിയകന്നുവോ നാം..,?
നിനക്കായി... ഞാനും എന്റെ സ്വപ്നങ്ങളും
കണ്ണുനീരില്‍ മുങ്ങി മരിക്കുന്നു....
നിന്റെ കണ്ണുനീര്‍ കാണാതെ മറയുന്നു...
ഞാന്‍.....,

Tuesday 9 August 2016

ഒരു തോന്നല്‍...



                   
                       ഒരു തോന്നല്‍...

ഈ ജീവിതയാത്ര അവസാനിക്കാന്‍ 
സമയമായി എന്നൊരു തോന്നല്‍.,
ഈ യാത്രയ്ക്കു ഒടുവില്‍ ഞാന്‍ മറ്റൊരു-
യാത്ര ആരംഭിക്കും.
അവിടെ ഞാനെന്റെ കണ്ണുകള്‍ ചൂഴ്ന്നു എറിയും,
ഇതുവരെ ഞാന്‍ കണ്ട കാഴ്ച്ചകള്‍ വഴിയില്‍-
ചവിട്ടി അരയ്ക്കപ്പെടട്ടെ....
അവിടെ ഞാന്‍ ഇതുവരെ കണ്ട സ്വപ്നങ്ങള്‍ 
മറവിക്കു നല്‍കും.
അവ മരിച്ചു മണ്ണടിയട്ടെ....,
ഒന്നുമാത്രം മതിയെനിക്കു കൂട്ടിനു, എന്റെ ഓര്‍മ്മകള്‍..
ഞാനെന്റെ ഓര്‍മ്മകളുടെ കുഴിമാടം മാന്തും,
അവയ്ക്കു ജീവന്‍ നല്‍കും.,
പിന്നെ ഇരുട്ടുനിറഞ്ഞ കണ്ണുമായി ഞാനും എന്റെ 
ഓര്‍മ്മകളും പുതിയയാത്ര ആരംഭിക്കും.,
അവിടെ ഇരുട്ടെനിക്കു വഴികാട്ടും.....
പിന്നെ,
ഞാനറിയാതെന്‍ ഓര്‍മ്മകളിലും ഇരുട്ടുകയറും...
അങ്ങനെ ഞാനും ഇരുട്ടായി മാറും....
ഒടുവില്‍,
ഇരുട്ടു മാത്രമായി മാറും.......

Friday 15 July 2016




തീവ്രവാദങ്ങള്‍ക്ക് അടിമപ്പെട്ടു സ്വന്തം നാടു
നശിപ്പിക്കാന്‍ ഒരുങ്ങുന്നവരോടു ഒന്നു
മാത്രമേ പറയാനുള്ളൂ,
"പെറ്റു വളര്‍ത്തിയ അമ്മയ്ക്കു തുല്യമാണ്
         പോറ്റിവളര്‍ത്തിയ നാട് ."

അതെ, ഒന്നു ആഴമായി ചിന്തിച്ചാല്‍ പിച്ചവച്ചു
നടക്കാന്‍ പടിച്ച, പിന്നെ കൈപിടിച്ചു നടത്തിയ ,
നീ ചവിട്ടി നടന്നു വളര്‍ന്ന നാട്.
അത് അമ്മയോളം വലുത് തന്നെയാണ്.
                 
സ്വന്തം നാടിനേയും നാട്ടുകാരേയും, ജാതിയുടേയും
മതത്തിന്റെയും പേരില്‍ നശിപ്പിക്കാന്‍, നാടുകടന്നു
കൂട്ടു തേടുമ്പോള്‍ നീ ഒന്നോര്‍ക്കുക.,
" നിന്റെ ഭാരം സഹിച്ചു, നിനക്കുവേണ്ടി വേദന
സഹിച്ച, നീ ചവിട്ടി നോവിച്ച, നീ കണ്ടു വളര്‍ന്ന
'നിന്റെ അമ്മ' യെ ആണ്  'നീ' കൊല്ലുവാന്‍
ഒരുങ്ങുന്നത്....,"
              "ആ അമ്മയുടെ ഓരോ ശ്വാസത്തിലും,
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും
ശാന്തിയുടേയും കണങ്ങളുണ്ട്...,
അതു നശിപ്പിക്കരുത്..."
         
ഇത് ഈ നാട്ടില്‍ സമാധാനം
ആഗ്രഹിക്കുന്നവരില്‍ ഒരുവന്റെ
അപേക്ഷയാണ്.....@

Friday 27 May 2016




സുഹൃത്തുക്കളേ....
ജിഷയെ നിങ്ങള്‍ മറന്നോ...?
ജിഷ കൊല്ലപ്പെട്ടിട്ടു ഒരു മാസം കഴിയുന്നു.
പ്രതിയെ എനിക്കറിയില്ല. പ്രതിയെ നിങ്ങള്‍ക്കറിയാമോ...? അറിയില്ല എന്നെനിക്കറിയാം.,
ഇനി അറിയാന്‍ കഴിയുമോ ഇല്ലയോ എന്നെനിക്കറിയില്ല. 
രാഷ്ട്രീയക്കാര്‍ക്കിടയിലെ ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിനും, രാഷ്ട്രീയകളികള്‍ക്കും ഇടയില്‍പ്പെട്ടു ജിഷയുടെ 'യഥാ‍ര്‍ത്ഥ' കൊലയാളി രക്ഷപ്പെടും, ഒരുപക്ഷേ രക്ഷപ്പെട്ടിരിക്കും.
     
ഇതൊന്നും അറിയാതെ സ്വന്തം സഹോദരി മരിച്ച ദുഃഖത്തില്‍ കൊലയാളിയുടെ മുഖവും കാത്തിരിക്കുകയാണ് നാം ഓരോരുത്തരും., പക്ഷേ, നമ്മുടെ പ്രതികരണശേഷി നഷ്ടപ്പെട്ടിരിക്കുന്നു. സ്വന്തം കാര്യം മാത്രം. മറ്റുള്ളവരുടെ ദുഃഖങ്ങളേയും വികാരങ്ങളേയും വെറും Likes-ലും comments-ലും മാത്രം, കൂടിപോയാല്‍ ഒരു നെടുവീര്‍പ്പില്‍ ഒതുക്കുന്നവര്‍. 
സുഹൃത്തേ ഒന്നോര്‍ക്കുക.,
-"നിന്റെ പെങ്ങള്‍ ഇതുപോലെ പീഡിപ്പിക്കപ്പെട്ടാല്‍ നീ എന്തു ചെയ്യും.?"
-"നിന്റെ അമ്മ ഇതുപോലെ പീഡിപ്പിക്കപ്പെട്ടാല്‍ നീ എന്തു ചെയ്യും.?"
-"നിന്റെ കുടുംബം ഇതുപോലെ അപമാനിക്കപ്പെട്ടു നശിച്ചാല്‍ നീ എന്തു ചെയ്യും.?"

ഇങ്ങനെപോയാല്‍...
ജിഷയുടെ വിധി നാളെ എന്റെയും നിന്റെയും വീട്ടിലാകാം.
ആ അമ്മയുടെ കരച്ചില്‍ നാളെ എന്റെയും നിന്റെയും വീട്ടില്‍ കേള്‍ക്കാം.
അന്നും ഈ നീതിന്യായങ്ങള്‍ കണ്ണടയ്ക്കും.,
നീതി നമുക്കും ലഭിക്കില്ല...,

സുഹൃത്തേ... ഓര്‍ക്കുക......,
നമുക്കു മേലെയിരിക്കുന്ന നീതിയും ന്യായവും നമ്മെ ഭരിക്കുന്നവര്‍ക്കും, തെറ്റു ചെയ്യുന്നവര്‍ക്കു രക്ഷപ്പെടാനും മാത്രമുള്ളതാണ്., നമുക്കുള്ളതല്ല.,,
നമ്മുടെ നീതി നാം തന്നെ നടപ്പാക്കേണ്ടിയിരിക്കുന്നു.
ഓര്‍ക്കുക..,
"നീതി ലഭിക്കാത്തിടത്തു,

 നീ. തീ.  ആവുക."

Wednesday 9 March 2016

എന്റെ കലണ്ടര്‍.



എന്റെ കലണ്ടര്‍.



കലണ്ടറിലേക്കൊരു നോട്ടം.
എന്റെ കഴിഞ്ഞ ദിവസങ്ങളിലേക്കൊരു നോട്ടം.
ഹാവൂ ..., സമാധാനം....!
നേട്ടവുമില്ല, കോട്ടവുമില്ല,
കോമഡി മാത്രം.
വെറും കോമാളിത്തരം മാത്രം.
പിന്നിലെ നേട്ടം വെറും ശൂന്യതയാണെന്ന-
തിരിച്ചറിവുണ്ടായവന്റെ വാക്കുകള്‍,
അര്‍ത്ഥ ശൂന്യമായ വാക്കുകള്‍.
ഞാനൊന്നു ചിരിക്കാന്‍ ശ്രമിച്ചോട്ടേ...?
"കടല്‍ മധ്യത്തില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നവന്റെ-
ചിരി" എന്നു നിങ്ങള്‍ പുച്ഛിക്കരുത്.
എന്തായാലും,
പിന്നിലെ കണക്കുകള്‍ നാലായി-
മടക്കി പോക്കറ്റിലിട്ടു ഞാന്‍.
ഇതുവരെ എന്തു ചെയ്തോ-
അതുതന്നെ ഇനിയും,
മുന്‍വിധികളില്ലാത്ത യാത്ര,...
മുന്നിലേക്കൊരു യാത്ര,...
പക്ഷേ,
പിന്നിലെനിക്കു ദിവസങ്ങളേറെ ആയിരുന്നു,
കണക്കുകളും ഏറെ ആയിരുന്നു.
എന്നാല്‍,
മുന്നിലെനിക്കു ദിവസ കണക്കുകളില്ല, വെറും-
നിമിഷ കണക്കുകള്‍ മാത്രം.
വെറും നിമിഷങ്ങള്‍ മാത്രം.
വെറും കണക്കുകൂട്ടലുകള്‍ മാത്രം.

Saturday 5 March 2016







അ.
"അ-അമ്മ" എന്നു പഠിപ്പിച്ച നന്മയുടെ
കാലം കഴിഞ്ഞിരിക്കുന്നു.
ഇതു,  'അ' ഉപസര്‍ഗ്ഗമായി ചേര്‍ത്ത് -
തിന്മയ്ക്കു ജന്മം കൊടുക്കുന്ന കാലം.

സഹിഷ്ണുതയെ അസഹിഷ്ണുതയായും,
നീതിയെ അനീതിയായും,
സത്യത്തെ അസത്യമായും,
ധര്‍മ്മത്തെ അധര്‍മ്മമായും,
വിശ്വാസത്തെ അവിശ്വാസമായും,....തുടങ്ങി-
നന്മയെ തിന്മയിലേക്കു നയിക്കാന്‍
ലോകം മാറ്റി എഴുതിയ അക്ഷരം.
നന്മയ്ക്കു മുന്നില്‍ തിന്മയായി നിരര്‍ത്ഥകം
നിര്‍ത്തപ്പെടുന്ന പുനര്‍ജന്മം.
ഇതു 'അ' -യുടെ മാറ്റത്തിന്റെ കാലം.
അല്ല,
'അ' - കൊണ്ടൊരു മാറ്റത്തിന്റെ കാലം.

ഈ മാറ്റം,
ഇതു നാം വിശ്വസിക്കുന്നുവെങ്കില്‍,
ഇനിയൊരു ചോദ്യവും ഉത്തരവും മാത്രം ബാക്കി,

"ചോദ്യം : 'അ' -എന്നാല്‍....? "
"ഉത്തരം : അതു ഞാനും നീയും തന്നെ ".


Thursday 18 February 2016

സൗഹൃദം.



സൗഹൃദം.



ഏകാന്തതയുമായി സൗഹൃദം പങ്കിട്ടുഞാന്‍.
അകലെ നില്‍ക്കുന്ന നഷ്ടസ്വപ്നങ്ങളേക്കാള്‍,
കൈതട്ടിയകന്ന സ്നേഹബന്ധങ്ങളേക്കാള്‍,
നിഴല്‍ക്കറുപ്പിലൊളിക്കുന്ന പ്രതീക്ഷകളേക്കാള്‍,
സുഖമുണ്ടതിനെന്നറിഞ്ഞു ഞാന്‍.
സൗഹൃദത്തിനപ്പുറം പറയാതെപറഞ്ഞ
എന്തൊക്കെയോ
നമുക്കിടയില്‍ മിഴിനീരായി മാറി.
എങ്കിലും പക്ഷേ...,
ഞാനറിയാതെ എന്നും എന്നെ
സ്നേഹിക്കുന്ന മറ്റൊരു സുഹൃത്തെന്റെ
അരികിലുണ്ട്,
എപ്പോഴും എന്റെ തോളില്‍
കൈയിട്ടിരിക്കുന്ന ഒരു സുഹൃത്ത് .
'മരണം' എന്ന ഏക ആത്മാര്‍ത്ഥ സുഹൃത്ത്.
ഞാനവനെ മറക്കാന്‍ ശ്രമിച്ചാലും
അവനെന്നെ മറക്കില്ല,
ഒരിക്കലാ സ്നേഹം ഞാന്‍
മനസ്സിലാക്കേണ്ടിവരും,
പിന്നെ ഞാനവനെ മാത്രം
സ്നേഹിക്കേണ്ടിവരും.....

Friday 12 February 2016

ഭൂതവും ഭാവിയും- ഒരുപദേശം.




ഭൂതവും ഭാവിയും- ഒരുപദേശം.



നമ്മുടെ ജീവിതത്തിന്റെ കഴിഞ്ഞ കാലം,
ഒരുപക്ഷേ അതോര്‍ത്തു മറ്റുള്ളവര്‍
നമ്മെ പുച്ഛിച്ചേക്കാം,
പരിഹസിച്ചേക്കാം,
ഒറ്റപ്പെടുത്തിയേക്കാം,
എന്തുതന്നെ ആയാലും ,
നമ്മുടെ കഴിഞ്ഞകാലം, അതു നമ്മുടെ
ജീവിതത്തില്‍ നാം ഒരിക്കലും മറക്കാത്ത
പാഠങ്ങളാക്കി മാറ്റണം.

പിന്നെ, ഇനി.,

ഇനി നമ്മുടെ ജീവിതത്തില്‍
വരുവാനുള്ള കാലം,
അതു മറ്റുള്ളവര്‍ക്കു നമ്മള്‍ കൊടുക്കുന്ന
ഒരു പാഠപുസ്തകം ആയിരിക്കണം,
ആര്‍ക്കും ഒരിക്കലും പഠിച്ചു തീര്‍ക്കുവാന്‍
കഴിയാത്ത ഒരു പാഠപുസ്തകം.......

Sunday 7 February 2016

സത്യം.

സത്യം.



ഇരുട്ടിന്റെ സ്വപ്നം,
പകലെത്തും മുമ്പേ ചാപിള്ളയാകുന്നു.

Friday 22 January 2016

ഇനിയും എഴുതുവാന്‍ ഏറെ...... (കഥ) 



REVERIE (college magazine 2012-13)-ല്‍ എഴുതിയത്.



ഇനിയും എഴുതുവാന്‍ ഏറെ......


    ദുഃഖം എന്ന വികാരത്തെ മനസ്സില്‍ ഒരു നെടുവീര്‍പ്പിലൊതുക്കാന്‍ ഞാന്‍ പലപ്പോഴും ശ്രമിക്കാറുണ്ട്. എന്നാല്‍ ഇന്നെനിക്കതു കഴിഞ്ഞില്ല. ഇന്നാ ദുഃഖങ്ങള്‍ എന്റെ കണ്ണു നനച്ചു. 
                കോളേജ് മാഗസിന്നു വേണ്ടി ഒരു കഥ എഴുതുവാന്‍ ഇരുന്നതാണ് ഞാന്‍, പക്ഷേ..... എനിക്കതു കഴിയുന്നില്ല. പലപ്പോഴും പലസാഹചര്യങ്ങളില്‍ പല കഥകള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. ആ സമയത്തും ദൈവം നിഴല്‍പോലെ കൂട്ടിനു തന്ന ദുഃഖങ്ങള്‍ ഒന്നൊഴിയാതെ മനസില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന്.... ..ഇന്നും കൂട്ടിനു ആ ദുഃഖങ്ങള്‍ ഉണ്ട്. പക്ഷേ ഒരു വ്യത്യാസം, ഇന്നു ഞാനറിയാതെ എന്റെ കണ്ണുകള്‍ നനഞ്ഞു, എഴുതുവാന്‍ കഴിയുന്നില്ല. പേന പിടിച്ചിരിക്കുന്ന കൈ വിറയ്ക്കുന്നു. മനസ്സു ചിന്തകളെ എന്റെ കഴിഞ്ഞ ജീവിത ഓര്‍മ്മകളിലേക്കു നയിക്കുന്നു, ജീവിതം ദുഃഖങ്ങള്‍ സമ്മാനിച്ച നിമിഷങ്ങള്‍, ഓര്‍മ്മയില്‍ എവിടെയോ കിടന്ന കാര്യങ്ങള്‍ കണ്ണിലൂടെ മിന്നിമറയുന്നു. ഓര്‍മ്മകള്‍ എന്നെ പിന്നിലേക്കു തിരിഞ്ഞു നോക്കാന്‍ പ്രേരിപ്പിക്കുന്നു.
എന്റെ ജനനം മുതല്‍ ഇപ്പോള്‍ ഞാനൊഴുക്കുന്ന കണ്ണുനീര്‍ വരെ ഈ ലോകത്തു നിന്നും വിടപറഞ്ഞതും പറയാത്തതുമായ, ഞാന്‍ സ്നേഹിച്ചതും വെറുത്തതുമായ ഒരുപാടുപേര്‍, ഒരുപാടു കാര്യങ്ങള്‍.... ഇല്ലാ.... എനിക്കെന്നെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. എന്റെ കണ്ണുകള്‍ പെട്ടെന്നു നിറഞ്ഞൊഴുകുന്നു, കണ്ണുകള്‍ മങ്ങുന്നു.

      മനസില്‍ എഴുതാന്‍ ഒരുപാടു കഥകള്‍ ഉണ്ടെങ്കിലും അതൊന്നും മുഴുവനായി എന്റെ കണ്ണുകളില്‍ എത്തിക്കാന്‍ എനിക്കു കഴിയുന്നില്ല. കഥകള്‍ കണ്ണുനീരില്‍ മുങ്ങി താഴുന്നതു പോലെ... ഓര്‍മ്മകള്‍ എന്റെ ശരീരത്തെ തളര്‍ത്തുന്നു. കഥ എഴുതുവാനിരുന്ന എനിക്കു ഓര്‍മ്മകള്‍ കണ്ണുനീര്‍ തന്നു. കഴിയുന്നില്ല എനിക്കു.... എന്നാലും ഞാന്‍ എഴുതുവാന്‍ ശ്രമിക്കാം. ഒരു കഥ, എഴുതുന്ന കഥ മുഴുവനാക്കാന്‍ എനിക്കു കഴിയുമെന്നു തോന്നുന്നില്ല.
 ഇനി നിങ്ങള്‍ വായിക്കുന്നത് കഥയാണ്, ഞാന്‍ എഴുതുന്ന തെറ്റുകള്‍ തിരുത്താത്ത കഥ.,

               ഞാന്‍ ഒരു റോസാച്ചെടിയാണ്. എനിക്ക് ഒരു കാര്യം പറയാനുണ്ട്. പറയാനുള്ളത് കഥയല്ല, ഒരിലയുടെ നൊമ്പരമാണ്. ഒരു റോസാച്ചെടി പറയുന്ന വാക്കുകള്‍ നിങ്ങള്‍ എത്രത്തോളം ഉള്‍ക്കൊള്ളും എന്നെനിക്കറിയില്ല., ഞാനതു പറയാം, എന്നിലിന്നൊരു പൂവിരിഞ്ഞു, ഒരു സുഗന്ധമുള്ള റോസാപ്പൂവ്. ഈ സന്തോഷത്തോടൊപ്പം ഞാനിന്നൊരു ദുഃഖത്തിനും സാക്ഷിയാണ്. അതെ, എന്നില്‍ നിന്നും ഇന്നൊരു ഉണങ്ങിയ ഇല കൊഴിഞ്ഞു. കൊഴിയുന്നതിനു മുന്‍പു ആ ഇല മറ്റൊരിലയോടു തന്റെ ആഗ്രഹങ്ങളും നൊമ്പരങ്ങളും പങ്കുവയ്ക്കുന്നത് ഞാന്‍ കേട്ടു. സംസാരിക്കുമ്പോള്‍ ആ ഇല കരയുകയായിരുന്നു. ആ ഇലയുടെ ആഗ്രഹങ്ങളും നൊമ്പരങ്ങളും ചില വാക്കുകളിലൊതുക്കി അത് എന്നില്‍ നിന്നും ഇളകി അകന്നു. ആ ഇലയുെട വാക്കുകള്‍ ഇങ്ങനെയായിരുന്നു.,
           എന്റെ ജീവിതം അവസാനിക്കുന്നു. ഇനി ഒരിളം കാറ്റിനുപോലും എന്നെ മുഴുവനായി തഴുകുവാന്‍ കഴിയില്ല. എനിക്കൊരു നൊമ്പരമേയുള്ളൂ, ഒരു റോസാച്ചെടിയില്‍ ഒരിലയായി തളിര്‍ത്ത ഞാന്‍, എന്റെ ചെടിയില്‍ ഒരുപാടു റോസാപ്പൂ ക്കള്‍ വിരിയുന്നതിനു സാക്ഷിയായി. പക്ഷേ ഇതുവരെ ആ റോസാപ്പൂ ക്കളുടെ സുഗന്ധമറിയാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. തളിര്‍ത്ത നാള്‍ മുതല്‍ വിരിയുന്ന പൂക്കള്‍ക്കു കീഴില്‍ ജീവിച്ചു ഞാന്‍, ഇപ്പോള്‍ ഇതാ.... മരണം കണ്‍മുന്നില്‍, ഈ സമയത്തു എനിക്കിനി ഒരാഗ്രഹം മാത്രമേ ഉള്ളൂ., ഇനി എനിയ്ക്കൊരു ജന്മമുണ്ടെങ്കില്‍ ആ ജന്മത്തില്‍ എനിക്കു ഈ പൂക്കള്‍ക്കു മുകളിലൂടെ പറക്കുന്ന ശലഭമായി ജനിക്കണം, എനിക്കാ പൂക്കളുടെ സുഗന്ധമറിയണം, എനിക്ക്....

            ഇല്ല, എനിക്കു കഴിയില്ല....
   
   ക്ഷമിക്കണം, ഇതൊരു കഥയല്ല. കഥയിലുള്ള ചില സന്ദര്‍ഭങ്ങള്‍ മാത്രമാണ്. ഈ കഥ മുഴുവനാക്കാന്‍ എനിക്കു കഴിയില്ല, അതിനു എന്റെ മനസ്സ് എന്നെ സമ്മതിക്കുന്നില്ല. എന്റെ മനസ്സ് വേറേ എവിടെയോ സഞ്ചരിക്കുന്നു. ഇനി ഏറെ എഴുതുവാന്‍ എനിക്കു കഴിയില്ല ഞാന്‍ ചുരുക്കുന്നു.
       ജീവിതയാത്രയില്‍ ഞാന്‍ ഏകനല്ല, എനിക്കു കൂട്ടായി എന്റേയും ഞാന്‍ സ്നേഹിക്കുന്നവരുടേയും ദുഃഖങ്ങള്‍ ഉണ്ടാകും, ആ ദുഃഖങ്ങള്‍ക്കും അവര്‍ക്കും കൂട്ടായി ഞാനും.
        ഞാന്‍ ഒരിക്കല്‍ മാത്രമേ ഒറ്റപ്പെടുകയുള്ളൂ,
    അതെന്റെ മരണമായിരിക്കും, അന്ന് എന്റെ ജീവനില്ലാത്ത ശരീരത്തിനു അരികിലിരുന്ന് എന്നെ സ്നേഹിക്കുന്ന പലരുടേയും കണ്ണുകള്‍ നനയുന്നത് ഞാന്‍ കാണും, അന്ന് ആ കണ്ണുനീര്‍ തുടയ്ക്കുവാന്‍ എനിക്കു കഴിയില്ല. അന്ന് ആ കണ്ണുനീരിനു എന്റെ ജീവന്റെ വിലയുണ്ടാകും. അന്നു അവരോടു ഒരു വാക്കും പറയാതെ ഞാന്‍ ഏകനായി അകലേണ്ടിവരും. മരണമെന്ന സത്യം അന്ന് എന്നെ ജീവിതത്തില്‍ നിന്നും ഒറ്റപ്പെടുത്തും, ഞാന്‍.........

Sunday 28 June 2015

ഒളിച്ചുകളി....






എന്റെ ജീവിതം ഒരു ഒളിച്ചുകളിയാണ്.
ഞാന്‍ എന്റെ ദുഃഖങ്ങളെ ഒരു തുള്ളി 
കണ്ണുനീരില്‍ ഒളുപ്പിച്ചു വയ്ക്കുന്നു.
ആ കണ്ണുനീരൊരിക്കല്‍ പടിയിറങ്ങി യാത്രയാകും,
കണ്ണും കൈയ്യും മാത്രമറിയുന്ന യാത്ര.
ദുഃഖങ്ങളെ കണ്ണുനീരിലും,
കണ്ണുനീരിനെ കണ്ണുകളിലും ഒളിപ്പിച്ചുകൊണ്ട്,
ഞാനും എന്റെ ജീവിതവും ആ ദുഃഖങ്ങള്‍ക്കു 
അപ്പുറവും ഇപ്പുറവും ഒളിച്ചുകളിക്കും.




Monday 4 May 2015

ആരോ ഒരാള്‍.




നടന്ന വഴികളില്‍ തിരിഞ്ഞു നോക്കുമ്പോള്‍,
എന്നില്‍ നിന്നും വീണു തലയടിച്ചു ചിതറി മരിച്ച-
എന്റെ സ്വപ്നങ്ങള്‍ക്കു ഞാനൊരു ശവക്കുഴി വെട്ടി.
മരിച്ച സ്വപ്നങ്ങളെ കുഴിയില്‍ വച്ചു മണ്ണിടാന്‍ നേരം,
പിന്നില്‍ നിന്നും "ആരോ ഒരാള്‍" എന്നെ വിളിച്ചു,
കൂടെ ആ വാക്കുകളും,
"അവയ്ക്കു ജീവന്റെ തുടിപ്പ് ഇനിയും ബാക്കി."

Wednesday 11 March 2015




ചുറ്റും പരന്നു കിടക്കുന്ന വലിയ വെളിച്ചം-
മാത്രം കാണുന്ന നാം,
വല്ലപ്പോഴും കാലിനു ചുവട്ടിലെ-
ആ ചെറിയ ഇരുളിനെ കുറിച്ചു ചിന്തിക്കണം.
കാരണം, ഒരുപക്ഷേ അതു ചില-
ഓര്‍മ്മപ്പെടുത്തലുകളോ, മുന്നറിയിപ്പുകളോ ആകാം.

Monday 2 March 2015

തലക്കെട്ടും, അടിക്കുറിപ്പും അടിവരയും.















'തലക്കെട്ട് ' ഇല്ലാതെ, ആരുടേയോ-
ഇഷ്ടത്താല്‍, അര്‍ത്ഥങ്ങളോ,
അക്ഷരങ്ങളോ ചികയാതെ എഴുതപ്പെട്ട-
ചില വരികള്‍ മാത്രം-
നാം ഓരോരുത്തരും.

ഇനി
' അടിക്കുറിപ്പും അടിവരയും' ഇല്ലാതെ-
ഈ എഴുത്ത് തുടങ്ങിയയാള്‍ തന്നെ-
ഒരിക്കല്‍ ഇതവസാനിപ്പിക്കും.
എഴുതുന്നവനു മാത്രമേ-
ആ എഴുത്തു നിര്‍ത്താന്‍ കഴിയൂ...
അല്ല.,
എഴുതുന്നവനു എപ്പോള്‍ വേണമെങ്കിലും-
ആ എഴുത്തു നിര്‍ത്താന്‍ കഴിയും.
ഒരു സത്യം.
ഒരേയൊരു സത്യം.
നാം ഓര്‍ക്കേണ്ട സത്യം.

Monday 9 February 2015

ആത്മാവേ.... നിന്നോട്....







എന്‍ ആത്മാവേ....
ഒരപേക്ഷ മാത്രമേ എനിക്കുനിന്നോടിന്നു.,

               ഇനി തിരികെെയനിക്കേകനിന്‍ പ്രണയം,
               ഇനി തിരികെയെനിക്കേകനിന്‍ പ്രണയം.

നിന്‍ പ്രണയം നഷ്ടപ്പെട്ട നാളില്‍,
        എന്റെ വിരലുകള്‍ ചലനം മറന്നു,
        ഹൃദയം ശൂന്യതയുടെ ആഴിയിലായി,
        കണ്ണുകള്‍ക്കു മുന്നിലും പിന്നിലും-
        ഏകാന്തത പെയ്തിറങ്ങുന്നു,
        ചിന്തകള്‍ മാത്രം........ വെറും പുഴുവരിച്ച-
        ചിന്തകള്‍ മാത്രം കൂട്ടിനായി എനിക്കിന്നു.

എന്‍ ആത്മാവേ....
ഇനി തിരികെയെനിക്കേകനിന്‍ പ്രണയം

        ചലനമേക.... എനിക്കും, എന്‍ മനസ്സിനും
        കൂടെ എന്‍ വിരലുകള്‍ക്കും....
        ശേഷം, തപ്പിത്തടയട്ടെ ഞാനെന്‍ ഓര്‍മ്മകളില്‍,
        കുത്തിക്കുറിക്കട്ടെ ചില അക്ഷരങ്ങള്‍..,

എന്‍ ആത്മാവേ....
ഇനി തിരികെയെനിക്കേകനിന്‍ പ്രണയം...



Monday 10 November 2014






ഇതിനെ മണ്‍മറഞ്ഞ ഒരു കാലഘട്ടത്തിന്റെ തിരുശേഷിപ്പെന്നോ..,
അതല്ലെങ്കില്‍,
ഇതിനെ ഒരു കലാരൂപത്തിന്റെ മാഞ്ഞുതുടങ്ങിയ സ്മാരകമെന്നോ..,
അതുമല്ലെങ്കില്‍ നിങ്ങള്‍ക്കിതിനെ ഇഷ്ടമുള്ള പേര്‍വിളിക്കാം.

ഇതു നിങ്ങള്‍ക്കു മുന്നില്‍ കാഴ്ച്ച വയ്ക്കുമ്പോള്‍ മനസ്സില്‍ ചെറിയ വേദനയുണ്ട്.,
കുട്ടിക്കാലത്ത് എന്നോ കണ്ടുമറന്ന ആ 'കാക്കാരിശ്ശിനാടക'ത്തിന്റെ ഓര്‍മ്മകളില്‍ കുതിര്‍ന്ന വേദന.....,



Monday 25 August 2014

ഇടറുന്ന സ്നേഹബന്ധങ്ങള്‍.....





എന്നില്‍ ഇടറിയ സ്വരത്തിനിടയില്‍പ്പെട്ട
വാക്കുകള്‍ കേള്‍ക്കാന്‍ കഴിഞ്ഞത്, എന്റെ-
വേദനകള്‍ക്കു മാത്രമായിരുന്നു.
കണ്ണുകള്‍ കലക്കിയകന്ന-
കണ്ണുനീര്‍ത്തുള്ളി പോലായിരുന്നു,-
ഇടറിയ എന്റെ വാക്കുകള്‍ക്കു മുന്നില്‍നിന്നും-
പൊട്ടിയകന്ന എന്റെ സ്നേഹബന്ധങ്ങള്‍.....

Monday 28 July 2014

മെഴുകുതിരി വെളിച്ചം...







ഈ ഇരുട്ടിന്റെ ഏകാന്തതയില്‍,
എനിക്കു കൂട്ടായി, എനിക്കൊപ്പം,
ഈ മെഴുകിനുള്ളിലിരുന്നു കത്തിക്കരിയുന്ന-
തിരിയ്ക്കു എന്നോടെന്തോ-
പറയാനുണ്ടായിരുന്നിരിക്കാം.
പക്ഷേ...,
എന്നില്‍ നിരര്‍ത്ഥകം സഞ്ചരിച്ച ചിന്തകള്‍
അവയ്ക്കേറെ അകലെയായിരുന്നു.,
.
പറയാന്‍ കഴിയാത്തയാ വാക്കുകള്‍-
കണ്ണീരോടെ അഗ്നിക്കേകി,
മരിക്കുവോളം എനിക്കു വെളിച്ചമേകി,
ആ തിരി ഞാനരികിലെത്തുന്നതും-
കാത്തിരുന്നു,
ഒടുവില്‍ പറയാന്‍ എന്തൊക്കെയോ-
ബാക്കി നിര്‍ത്തി യാത്രയായി...







Wednesday 16 July 2014

യാത്രയിലാണ് ഞാന്‍....







യാത്രയിലാണ് ഞാന്‍....
എന്നിലെ എന്നെ തേടിയുള്ള യാത്രയില്‍.,
എന്നില്‍ തിളിര്‍ക്കുന്നവയിലെ ശരിയേയും-
തെറ്റിനേയും തമ്മില്‍ തിരിച്ചറിയാന്‍..,
ഇനി,
ഞാന്‍ എന്നിലെ എന്നെയീ യാത്രയില്‍
കണ്ടുമുട്ടുകതന്നെ വേണം..,
എങ്കില്‍ മാത്രമേ ഞാന്‍ ഞാനെന്നവാക്കില്‍-
ജീവിക്കുന്നതിനര്‍ത്ഥമുണ്ടാവുകയുള്ളൂ....,



Tuesday 15 July 2014





അന്നവള്‍
തന്ന പ്രണയത്തിന്‍ ലഹരിയിലറിയാതെ എന്റെ
ചുണ്ടുകള്‍ അവളുടെ ചുണ്ടുകളെ പ്രാപിച്ചു.
ഇന്നു ഞാന്‍
സ്വയം കുടിക്കുന്ന വിരഹത്തിന്‍ ലഹരിയില്‍
എന്റെ ചുണ്ടുകള്‍ ഒരു തുണ്ടു ബീഡി തന്‍
പുകയെ പ്രാപിച്ചു തൃപ്തിയടയുന്നു..,

Thursday 19 June 2014

സത്യങ്ങള്‍...






ഇരുട്ടിനോടു പറഞ്ഞുമടുത്ത ഒരു സത്യം-
ഞാന്‍ പകലിനോടു പറഞ്ഞു,
പക്ഷേ, പകലതു കൈക്കൊണ്ടില്ല,
കാരണം,
പകല്‍ സത്യങ്ങളെയറിഞ്ഞിട്ടില്ല.,
അവയെ അറിയുന്നതും,
അറിയാതെ ഭാവിക്കുന്നതും ഇരുട്ടു മാത്രമാണ്..

Monday 16 June 2014

അര്‍ത്ഥങ്ങളറിയാതെ....








അക്ഷരങ്ങള്‍.. അവ വാക്കുകളായി,
ആ വാക്കുകള്‍ക്കു അര്‍ത്ഥങ്ങളുണ്ടായിട്ടും,
നാം അവയെ അറിയാതെ, അവയ്ക്കു-
വിപരീതപദങ്ങള്‍ കണ്ടെത്തി.
നന്മയ്ക്കു പകരം തിന്മയും,
സത്യത്തിനു പകരം കള്ളവും,
ശരിയ്ക്കു പകരം തെറ്റും,
അങ്ങനെയേറെ.....
അറിയേണ്ടതറിയാതെ നാം മറ്റെന്തോ-
അറിയാന്‍ ശ്രമിക്കുന്നു,
അതിനായി ജീവിക്കുന്നു.
അര്‍ത്ഥങ്ങളില്ലാത്ത ജീവിതം....,

Wednesday 4 June 2014











ഒരുതുള്ളി മഷിയില്‍ നിന്നും
ഒരുനൂറക്ഷരങ്ങള്‍ നീന്തിക്കയറും.
അവ ഹൃദയങ്ങളെ തേടിയലയും,
ഹൃദയങ്ങള്‍ അതുകാണാതലയും.
അവ തമ്മില്‍ കാണുന്നനാളില്‍,
അക്ഷരം ശരമായ് ഹൃദയങ്ങള്‍ തുളയ്ക്കും..






Friday 30 May 2014











എന്‍ പേനതന്‍ തുമ്പില്‍നിന്നും
ഇനിയും ഒരുപാടക്ഷരങ്ങള്‍ വിരിയും.
എന്റെ കൈകള്‍ അവയെ കൈപിടിച്ചു നടത്തും.
എന്റെ കൈകള്‍ ചലനം മറക്കുന്ന നാളില്‍
ആ അക്ഷരങ്ങള്‍ എനിക്കൊപ്പം നിശ്ചലമാകും.
പിന്നെ ഒരു കാത്തിരിപ്പിന്റെ നാളുകളാണ്,
പേനയുടെ ഏകാന്തമായ കാത്തിരിപ്പിന്റെ നാളുകള്‍,
ഇനി തന്നില്‍ വിരിയുന്ന അക്ഷരങ്ങളെ-
കൈപിടിച്ചു നടത്താന്‍ ഒരാള്‍ വരുന്നതു-
വരെയുള്ള കാത്തിരിപ്പ്.

Thursday 29 May 2014

ചോദ്യചിഹ്നം.









ഞാനിന്നു വെറുമൊരു ചോദ്യചിഹ്നം മാത്രമാണ്.
ഉത്തരങ്ങള്‍ കിട്ടാതെ അലയുന്ന ഓരോ-
ചോദ്യങ്ങളുടെയും അവസാനയറ്റത്തു,
ചിന്തകള്‍ നശിച്ചു,
ഉത്തരങ്ങള്‍ക്കായി കാത്തുനില്‍ക്കുന്ന-
വെറും ചോദ്യചിഹ്നം..








Wednesday 21 May 2014













അക്ഷരങ്ങള്‍ മരിച്ച ഹൃദയം ചുമക്കുന്നയാള്‍,
ശവം പേറുന്ന ശവപ്പെട്ടിക്കു തുല്ല്യം.









Tuesday 29 April 2014

ഒരു പ്രണയലേഖനം.





പ്രിയ സുഹൃത്തുക്കളേ....
കോളേജ് പഠനകാലത്തെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു സുഹൃത്ത് അവന്റെ പ്രണയിനിക്ക് കൊടുക്കുവാന്‍ വേണ്ടി എഴുതിയതും പിന്നീട് ചില സാഹചര്യങ്ങളാല്‍ ആ പ്രണയം പ്രണയിനി നിഷേധിച്ചതിന്റെ പേരില്‍ കൊടുക്കാന്‍ കഴിയാത്തതുമായ ഒരു പ്രണയലേഖനം ആ സുഹൃത്തിന്റെ അനുവാദത്തോടുകൂടെ നിങ്ങളുടെ വായനയ്ക്കായി തരുന്നു..      
ഒരു യഥാര്‍ത്ഥ പ്രണയലേഖനത്തിലേക്കു ഞാന്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്...

""..ഒരു പ്രഭാതത്തില്‍ നിന്നെ ഈ കോളേജില്‍ വച്ചു ആദ്യമായ് ഞാന്‍ കണ്ടുമുട്ടുമ്പോള്‍, ഒരിക്കലും നീയെന്റെ ഹൃദയത്തിന്റെ സ്പന്ദനമാകുമെന്ന് ഞാന്‍ നിനച്ചില്ല. ഇന്റര്‍വ്യൂ കാര്‍ഡും, സര്‍ട്ടിഫിക്കറ്റുകളും കൊണ്ട് നീ നടന്നു കയറിയത് ഈ കോളേജിലേക്കു മാത്രമല്ല, എന്റെ മനസിലേയ്ക്കും കൂടിയാണ്.വരണ്ടു കിടന്ന എന്റെ മനസാകുന്ന മരുഭൂമിയിലേക്ക് നീ പെയ്തിറങ്ങാന്‍ തുടങ്ങിയ നിമിഷം മുതല്‍ എന്റെ മനസ് നിന്നെ മാത്രം നിനച്ചിരിക്കുകയാണ്. ഒരിക്കലും സ്വന്തമാകില്ല എന്നറിയാമെങ്കിലും ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിന്റെ മനസില്‍ എനിക്കുള്ള സ്ഥാനം പോലും എന്തെന്ന് എനിക്കറിയില്ല. എന്നാലും ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിന്നെ സ്നേഹിക്കുവാനുള്ള അടിസ്ഥാനയോഗ്യത പോലും എനിക്കില്ല എന്നറിയാം. ഒരിക്കലും സൗന്ദര്യം കൊണ്ടും ഒന്നു കൊണ്ടൂും ഞാന്‍ നിനക്ക് യോജിക്കില്ല എന്നെനിക്കറിയാം. പക്ഷേ സ്നേഹിക്കാന്‍ മാത്രമറിയുന്ന, സൗന്ദര്യമുള്ള ഒരു മനസ് എനിക്കുണ്ട്.
                   അസാന്നിദ്ധ്യം ഹൃദയത്തില്‍ സ്നേഹം വളര്‍ത്തുന്നു എന്നത് എത്ര സത്യമാണെന്ന് നിനക്കറിയാമോ...?
നിന്നെ കാണാതിരിക്കുന്ന ഓരോ നിമിഷങ്ങളിലും ഞാന്‍ നിന്നെ കൂടുതല്‍ കൂടുതല്‍ സ്നേഹിക്കുന്നു. നിന്നെ കാണാതിരിക്കുന്നത് ദുഃഖമാണെങ്കിലും ആ ദുഃഖം ഞാന്‍ ആസ്വദിക്കുന്നു.
എന്റെ ഓരോ സന്തോഷത്തിലും സങ്കടത്തിലും അത് പങ്കുവെക്കാന്‍ നീ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ഓര്‍ത്ത് പോവുകയാണ്.
നിന്റെ ജീവിതമാകുന്ന സിനിമയില്‍ വന്നുപോകുന്ന ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരിക്കാം ഞാന്‍, എന്നാല്‍ നീ എന്നും എന്റെ ജീവിതത്തിലെ നിത്യഹരിത നായികയായിരിക്കും. ഷേക്സ്പിയര്‍ ഒരിക്കല്‍ പറഞ്ഞു "ആത്മാര്‍ത്ഥസ്നേഹം ഒരിക്കലും മങ്ങാത്ത നക്ഷത്രത്തെ പോലെയാണെന്ന് ". അത് എത്രമാത്രം ശരിയാണ്.! അല്ലെങ്കില്‍ നീ എന്നോടു പറഞ്ഞ മറുപടി കേട്ടപ്പോള്‍ തന്നെ എന്റെ മനസില്‍ നിന്ന് നീ മാഞ്ഞു പോകേണ്ടതല്ലായിരുന്നു.?
എല്ലാം അവസാനിപ്പിക്കാം എന്ന് വിചാരിക്കുമ്പോള്‍ നിന്റെ ഓര്‍മ്മകള്‍ അതിന് അനുവദിക്കുന്നില്ല.,
എന്റെ മനസില്‍ വിരിഞ്ഞ നീലക്കുറിഞ്ഞി പുഷ്പമേ... നീ ഒരിക്കലും എന്റെ മനസില്‍ നിന്ന് കൊഴിയില്ല.
നിന്റെ വരവും പ്രതിക്ഷിച്ച് സ്നേഹത്തിന്റെ കൂടുകെട്ടി ഞാന്‍ കാത്തിരിക്കാം. പ്രണയത്തിന്റെ മധുരവുമായി നീ എന്നിലേക്ക് വന്നു ചേരുമോ സഖീ....? ""

Thursday 24 April 2014

പരിണാമം....








ഇനി എനിക്കെന്റെ ആഗ്രഹങ്ങളേയും,
സ്വപ്നങ്ങളേയും വീട്ടില്‍ കഞ്ഞിക്കലത്തിനടിയില്‍-
തീയായി, കനലായി,
ഒരുപിടി ചാരമായി പരിണാമം-
ചെയ്യിക്കേണ്ടിയിരിക്കുന്നു.
ഇല്ലേല്‍,
വീട്ടില്‍ തീകായാത്ത അടുപ്പിനകലെ
എനിക്കായി തുറന്നിരിക്കുന്ന മറ്റുചില-
കണ്ണുകള്‍ കലങ്ങി അടയുന്നതു
കണേണ്ടിവരും ഞാന്‍...

സ്വയം കണ്ണുനീര്‍ കുടിച്ച്,
വീട്ടില്‍ എനിക്കായി തുറന്നിരിക്കുന്ന മറ്റു
കണ്ണുകളില്‍ കണ്ണുനീര്‍ ജനിക്കാതെ
നോക്കേണ്ടിരിക്കുന്നു ഞാന്‍...
എന്റെ വയറു നിറയ്ക്കാന്‍-
എന്നും എന്‍ അമ്മ കണ്ണു നനയ്ക്കും...





Friday 18 April 2014






നിശബ്ദതയുടെ നൊമ്പരങ്ങള്‍,... അവ
നിശബ്ദതയില്‍ ജനിച്ചു,
നിശബ്ദതയില്‍ മരിക്കുന്നു.
ശബ്ദങ്ങള്‍ അവയെ അറിയാതെ-
ശബ്ദിച്ചുകൊണ്ടേയിരിക്കുന്നു...

Saturday 12 April 2014











ഈറനണിഞ്ഞയീ രാത്രിയില്‍,
ഈറനണിഞ്ഞ ഓര്‍മ്മകളാല്‍-
ഈറനണിഞ്ഞ കണ്ണുകളുമായി,
ഈ നാലു ചുമരിനുള്ളില്‍ ഞാനും,
ഈയെന്റെ ഏകാന്തതയും മാത്രം....









Friday 11 April 2014

ഒരുനൂറു പൂവില്‍ നിന്നും-
ഒത്തിരി തേന്‍ നുകര്‍ന്നു,
വിരലിലെണ്ണും നാളുകള്‍ മാത്രം ജീവിച്ചു,
ഒരായുസ്സ് അവസാനിപ്പിക്കുന്ന-
ആ വര്‍ണ്ണ ശലഭങ്ങള്‍ക്കു,
ഒരുവാക്കു മിണ്ടുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍
അവ ലോകത്തോടു വിളിച്ചുപറഞ്ഞേനേ...
ഭൂമിയെത്ര സുന്ദരം എന്ന്....

Wednesday 9 April 2014

ചിതറിയ അക്ഷരങ്ങള്‍....








എന്റെ പിന്നിലൊരു കണ്ണുനീര്‍ കടലെന്നറിയുന്നു
ഞാന്‍,
മുന്നിലൊരേകാന്തതതന്‍ മരുഭൂമിയും.
ഇവയ്ക്കിടയില്‍ എന്റെ ഹൃദയത്തിനുള്ളില്‍പ്പെട്ടു-
തേങ്ങിക്കരയുന്ന ചിതറിയ അക്ഷരങ്ങള്‍-
കാണുന്നുഞാന്‍.
ഇനിയാ ചിതറിയ അക്ഷരങ്ങളെ വാക്കുകളാക്കി-
യവയെ വരികളിലെഴുതി ജീവനേകുന്നുഞാന്‍.
ആ അക്ഷരങ്ങള്‍ കാലം ചിതറിച്ച എന്റെ-
കഴിഞ്ഞകാല ജീവിതമാണ്.
അവയില്‍ ഞാനുണ്ട്,
എന്റെ വികാരങ്ങളുമുണ്ട്...

Friday 4 April 2014








കാലത്തിന്റെ യാത്രാവഴിമദ്ധ്യേ ജീവിതത്തിന്റെ-
കണക്കുകള്‍ കൂട്ടുകയും കുറയ്ക്കുകയും ചെയ്യേണ്ടി-
വന്നപ്പോള്‍, ഹൃദയത്തിന്റെ പുസ്തകത്തില്‍-
നിന്നും ഒരു താളുകീറിഞാനെടുത്തു.
പഴക്കംചെന്ന ആ താളില്‍ എന്നോ സ്നേഹ-
ത്തിന്റെ മഷിയാല്‍ ഞാനെഴുതിയ അവളുടെ-
ഓര്‍മ്മകള്‍ എന്റെ കണ്ണുകളില്‍ വീണ്ടും-
വര്‍ണ്ണങ്ങള്‍ ചാലിച്ചു.
നിമിഷങ്ങള്‍ ബാക്കിവയ്ക്കാതെ അണപൊട്ടിയ-
കണ്ണീരാല്‍ ആ വര്‍ണ്ണങ്ങള്‍ മങ്ങിമാഞ്ഞു.,
അല്ല, കണ്ണീരാല്‍ ഞാനാ വര്‍ണ്ണങ്ങള്‍-
മായ്ക്കാന്‍ ശ്രമിച്ചു.
ഇനിയാ താളില്‍, കാലം മുന്നില്‍ കാണിക്കുന്ന-
ജീവിതത്തിന്റെ കണക്കുകള്‍ എനിക്കു-
കൂട്ടിക്കുറയ്ക്കേണ്ടതുണ്ട്...,