Tuesday 29 April 2014

ഒരു പ്രണയലേഖനം.





പ്രിയ സുഹൃത്തുക്കളേ....
കോളേജ് പഠനകാലത്തെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു സുഹൃത്ത് അവന്റെ പ്രണയിനിക്ക് കൊടുക്കുവാന്‍ വേണ്ടി എഴുതിയതും പിന്നീട് ചില സാഹചര്യങ്ങളാല്‍ ആ പ്രണയം പ്രണയിനി നിഷേധിച്ചതിന്റെ പേരില്‍ കൊടുക്കാന്‍ കഴിയാത്തതുമായ ഒരു പ്രണയലേഖനം ആ സുഹൃത്തിന്റെ അനുവാദത്തോടുകൂടെ നിങ്ങളുടെ വായനയ്ക്കായി തരുന്നു..      
ഒരു യഥാര്‍ത്ഥ പ്രണയലേഖനത്തിലേക്കു ഞാന്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്...

""..ഒരു പ്രഭാതത്തില്‍ നിന്നെ ഈ കോളേജില്‍ വച്ചു ആദ്യമായ് ഞാന്‍ കണ്ടുമുട്ടുമ്പോള്‍, ഒരിക്കലും നീയെന്റെ ഹൃദയത്തിന്റെ സ്പന്ദനമാകുമെന്ന് ഞാന്‍ നിനച്ചില്ല. ഇന്റര്‍വ്യൂ കാര്‍ഡും, സര്‍ട്ടിഫിക്കറ്റുകളും കൊണ്ട് നീ നടന്നു കയറിയത് ഈ കോളേജിലേക്കു മാത്രമല്ല, എന്റെ മനസിലേയ്ക്കും കൂടിയാണ്.വരണ്ടു കിടന്ന എന്റെ മനസാകുന്ന മരുഭൂമിയിലേക്ക് നീ പെയ്തിറങ്ങാന്‍ തുടങ്ങിയ നിമിഷം മുതല്‍ എന്റെ മനസ് നിന്നെ മാത്രം നിനച്ചിരിക്കുകയാണ്. ഒരിക്കലും സ്വന്തമാകില്ല എന്നറിയാമെങ്കിലും ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിന്റെ മനസില്‍ എനിക്കുള്ള സ്ഥാനം പോലും എന്തെന്ന് എനിക്കറിയില്ല. എന്നാലും ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിന്നെ സ്നേഹിക്കുവാനുള്ള അടിസ്ഥാനയോഗ്യത പോലും എനിക്കില്ല എന്നറിയാം. ഒരിക്കലും സൗന്ദര്യം കൊണ്ടും ഒന്നു കൊണ്ടൂും ഞാന്‍ നിനക്ക് യോജിക്കില്ല എന്നെനിക്കറിയാം. പക്ഷേ സ്നേഹിക്കാന്‍ മാത്രമറിയുന്ന, സൗന്ദര്യമുള്ള ഒരു മനസ് എനിക്കുണ്ട്.
                   അസാന്നിദ്ധ്യം ഹൃദയത്തില്‍ സ്നേഹം വളര്‍ത്തുന്നു എന്നത് എത്ര സത്യമാണെന്ന് നിനക്കറിയാമോ...?
നിന്നെ കാണാതിരിക്കുന്ന ഓരോ നിമിഷങ്ങളിലും ഞാന്‍ നിന്നെ കൂടുതല്‍ കൂടുതല്‍ സ്നേഹിക്കുന്നു. നിന്നെ കാണാതിരിക്കുന്നത് ദുഃഖമാണെങ്കിലും ആ ദുഃഖം ഞാന്‍ ആസ്വദിക്കുന്നു.
എന്റെ ഓരോ സന്തോഷത്തിലും സങ്കടത്തിലും അത് പങ്കുവെക്കാന്‍ നീ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ഓര്‍ത്ത് പോവുകയാണ്.
നിന്റെ ജീവിതമാകുന്ന സിനിമയില്‍ വന്നുപോകുന്ന ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരിക്കാം ഞാന്‍, എന്നാല്‍ നീ എന്നും എന്റെ ജീവിതത്തിലെ നിത്യഹരിത നായികയായിരിക്കും. ഷേക്സ്പിയര്‍ ഒരിക്കല്‍ പറഞ്ഞു "ആത്മാര്‍ത്ഥസ്നേഹം ഒരിക്കലും മങ്ങാത്ത നക്ഷത്രത്തെ പോലെയാണെന്ന് ". അത് എത്രമാത്രം ശരിയാണ്.! അല്ലെങ്കില്‍ നീ എന്നോടു പറഞ്ഞ മറുപടി കേട്ടപ്പോള്‍ തന്നെ എന്റെ മനസില്‍ നിന്ന് നീ മാഞ്ഞു പോകേണ്ടതല്ലായിരുന്നു.?
എല്ലാം അവസാനിപ്പിക്കാം എന്ന് വിചാരിക്കുമ്പോള്‍ നിന്റെ ഓര്‍മ്മകള്‍ അതിന് അനുവദിക്കുന്നില്ല.,
എന്റെ മനസില്‍ വിരിഞ്ഞ നീലക്കുറിഞ്ഞി പുഷ്പമേ... നീ ഒരിക്കലും എന്റെ മനസില്‍ നിന്ന് കൊഴിയില്ല.
നിന്റെ വരവും പ്രതിക്ഷിച്ച് സ്നേഹത്തിന്റെ കൂടുകെട്ടി ഞാന്‍ കാത്തിരിക്കാം. പ്രണയത്തിന്റെ മധുരവുമായി നീ എന്നിലേക്ക് വന്നു ചേരുമോ സഖീ....? ""

1 comment:

  1. പ്രണയം..അത് പലപ്പോഴും വക തിരിവ് ഇല്ലാത്തത് കൂടി ആണ് അല്ലേ ..:) plz remove word verification

    ReplyDelete