Monday 10 November 2014






ഇതിനെ മണ്‍മറഞ്ഞ ഒരു കാലഘട്ടത്തിന്റെ തിരുശേഷിപ്പെന്നോ..,
അതല്ലെങ്കില്‍,
ഇതിനെ ഒരു കലാരൂപത്തിന്റെ മാഞ്ഞുതുടങ്ങിയ സ്മാരകമെന്നോ..,
അതുമല്ലെങ്കില്‍ നിങ്ങള്‍ക്കിതിനെ ഇഷ്ടമുള്ള പേര്‍വിളിക്കാം.

ഇതു നിങ്ങള്‍ക്കു മുന്നില്‍ കാഴ്ച്ച വയ്ക്കുമ്പോള്‍ മനസ്സില്‍ ചെറിയ വേദനയുണ്ട്.,
കുട്ടിക്കാലത്ത് എന്നോ കണ്ടുമറന്ന ആ 'കാക്കാരിശ്ശിനാടക'ത്തിന്റെ ഓര്‍മ്മകളില്‍ കുതിര്‍ന്ന വേദന.....,



Monday 25 August 2014

ഇടറുന്ന സ്നേഹബന്ധങ്ങള്‍.....





എന്നില്‍ ഇടറിയ സ്വരത്തിനിടയില്‍പ്പെട്ട
വാക്കുകള്‍ കേള്‍ക്കാന്‍ കഴിഞ്ഞത്, എന്റെ-
വേദനകള്‍ക്കു മാത്രമായിരുന്നു.
കണ്ണുകള്‍ കലക്കിയകന്ന-
കണ്ണുനീര്‍ത്തുള്ളി പോലായിരുന്നു,-
ഇടറിയ എന്റെ വാക്കുകള്‍ക്കു മുന്നില്‍നിന്നും-
പൊട്ടിയകന്ന എന്റെ സ്നേഹബന്ധങ്ങള്‍.....

Monday 28 July 2014

മെഴുകുതിരി വെളിച്ചം...







ഈ ഇരുട്ടിന്റെ ഏകാന്തതയില്‍,
എനിക്കു കൂട്ടായി, എനിക്കൊപ്പം,
ഈ മെഴുകിനുള്ളിലിരുന്നു കത്തിക്കരിയുന്ന-
തിരിയ്ക്കു എന്നോടെന്തോ-
പറയാനുണ്ടായിരുന്നിരിക്കാം.
പക്ഷേ...,
എന്നില്‍ നിരര്‍ത്ഥകം സഞ്ചരിച്ച ചിന്തകള്‍
അവയ്ക്കേറെ അകലെയായിരുന്നു.,
.
പറയാന്‍ കഴിയാത്തയാ വാക്കുകള്‍-
കണ്ണീരോടെ അഗ്നിക്കേകി,
മരിക്കുവോളം എനിക്കു വെളിച്ചമേകി,
ആ തിരി ഞാനരികിലെത്തുന്നതും-
കാത്തിരുന്നു,
ഒടുവില്‍ പറയാന്‍ എന്തൊക്കെയോ-
ബാക്കി നിര്‍ത്തി യാത്രയായി...







Wednesday 16 July 2014

യാത്രയിലാണ് ഞാന്‍....







യാത്രയിലാണ് ഞാന്‍....
എന്നിലെ എന്നെ തേടിയുള്ള യാത്രയില്‍.,
എന്നില്‍ തിളിര്‍ക്കുന്നവയിലെ ശരിയേയും-
തെറ്റിനേയും തമ്മില്‍ തിരിച്ചറിയാന്‍..,
ഇനി,
ഞാന്‍ എന്നിലെ എന്നെയീ യാത്രയില്‍
കണ്ടുമുട്ടുകതന്നെ വേണം..,
എങ്കില്‍ മാത്രമേ ഞാന്‍ ഞാനെന്നവാക്കില്‍-
ജീവിക്കുന്നതിനര്‍ത്ഥമുണ്ടാവുകയുള്ളൂ....,



Tuesday 15 July 2014





അന്നവള്‍
തന്ന പ്രണയത്തിന്‍ ലഹരിയിലറിയാതെ എന്റെ
ചുണ്ടുകള്‍ അവളുടെ ചുണ്ടുകളെ പ്രാപിച്ചു.
ഇന്നു ഞാന്‍
സ്വയം കുടിക്കുന്ന വിരഹത്തിന്‍ ലഹരിയില്‍
എന്റെ ചുണ്ടുകള്‍ ഒരു തുണ്ടു ബീഡി തന്‍
പുകയെ പ്രാപിച്ചു തൃപ്തിയടയുന്നു..,

Thursday 19 June 2014

സത്യങ്ങള്‍...






ഇരുട്ടിനോടു പറഞ്ഞുമടുത്ത ഒരു സത്യം-
ഞാന്‍ പകലിനോടു പറഞ്ഞു,
പക്ഷേ, പകലതു കൈക്കൊണ്ടില്ല,
കാരണം,
പകല്‍ സത്യങ്ങളെയറിഞ്ഞിട്ടില്ല.,
അവയെ അറിയുന്നതും,
അറിയാതെ ഭാവിക്കുന്നതും ഇരുട്ടു മാത്രമാണ്..

Monday 16 June 2014

അര്‍ത്ഥങ്ങളറിയാതെ....








അക്ഷരങ്ങള്‍.. അവ വാക്കുകളായി,
ആ വാക്കുകള്‍ക്കു അര്‍ത്ഥങ്ങളുണ്ടായിട്ടും,
നാം അവയെ അറിയാതെ, അവയ്ക്കു-
വിപരീതപദങ്ങള്‍ കണ്ടെത്തി.
നന്മയ്ക്കു പകരം തിന്മയും,
സത്യത്തിനു പകരം കള്ളവും,
ശരിയ്ക്കു പകരം തെറ്റും,
അങ്ങനെയേറെ.....
അറിയേണ്ടതറിയാതെ നാം മറ്റെന്തോ-
അറിയാന്‍ ശ്രമിക്കുന്നു,
അതിനായി ജീവിക്കുന്നു.
അര്‍ത്ഥങ്ങളില്ലാത്ത ജീവിതം....,

Wednesday 4 June 2014











ഒരുതുള്ളി മഷിയില്‍ നിന്നും
ഒരുനൂറക്ഷരങ്ങള്‍ നീന്തിക്കയറും.
അവ ഹൃദയങ്ങളെ തേടിയലയും,
ഹൃദയങ്ങള്‍ അതുകാണാതലയും.
അവ തമ്മില്‍ കാണുന്നനാളില്‍,
അക്ഷരം ശരമായ് ഹൃദയങ്ങള്‍ തുളയ്ക്കും..






Friday 30 May 2014











എന്‍ പേനതന്‍ തുമ്പില്‍നിന്നും
ഇനിയും ഒരുപാടക്ഷരങ്ങള്‍ വിരിയും.
എന്റെ കൈകള്‍ അവയെ കൈപിടിച്ചു നടത്തും.
എന്റെ കൈകള്‍ ചലനം മറക്കുന്ന നാളില്‍
ആ അക്ഷരങ്ങള്‍ എനിക്കൊപ്പം നിശ്ചലമാകും.
പിന്നെ ഒരു കാത്തിരിപ്പിന്റെ നാളുകളാണ്,
പേനയുടെ ഏകാന്തമായ കാത്തിരിപ്പിന്റെ നാളുകള്‍,
ഇനി തന്നില്‍ വിരിയുന്ന അക്ഷരങ്ങളെ-
കൈപിടിച്ചു നടത്താന്‍ ഒരാള്‍ വരുന്നതു-
വരെയുള്ള കാത്തിരിപ്പ്.

Thursday 29 May 2014

ചോദ്യചിഹ്നം.









ഞാനിന്നു വെറുമൊരു ചോദ്യചിഹ്നം മാത്രമാണ്.
ഉത്തരങ്ങള്‍ കിട്ടാതെ അലയുന്ന ഓരോ-
ചോദ്യങ്ങളുടെയും അവസാനയറ്റത്തു,
ചിന്തകള്‍ നശിച്ചു,
ഉത്തരങ്ങള്‍ക്കായി കാത്തുനില്‍ക്കുന്ന-
വെറും ചോദ്യചിഹ്നം..








Wednesday 21 May 2014













അക്ഷരങ്ങള്‍ മരിച്ച ഹൃദയം ചുമക്കുന്നയാള്‍,
ശവം പേറുന്ന ശവപ്പെട്ടിക്കു തുല്ല്യം.









Tuesday 29 April 2014

ഒരു പ്രണയലേഖനം.





പ്രിയ സുഹൃത്തുക്കളേ....
കോളേജ് പഠനകാലത്തെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു സുഹൃത്ത് അവന്റെ പ്രണയിനിക്ക് കൊടുക്കുവാന്‍ വേണ്ടി എഴുതിയതും പിന്നീട് ചില സാഹചര്യങ്ങളാല്‍ ആ പ്രണയം പ്രണയിനി നിഷേധിച്ചതിന്റെ പേരില്‍ കൊടുക്കാന്‍ കഴിയാത്തതുമായ ഒരു പ്രണയലേഖനം ആ സുഹൃത്തിന്റെ അനുവാദത്തോടുകൂടെ നിങ്ങളുടെ വായനയ്ക്കായി തരുന്നു..      
ഒരു യഥാര്‍ത്ഥ പ്രണയലേഖനത്തിലേക്കു ഞാന്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്...

""..ഒരു പ്രഭാതത്തില്‍ നിന്നെ ഈ കോളേജില്‍ വച്ചു ആദ്യമായ് ഞാന്‍ കണ്ടുമുട്ടുമ്പോള്‍, ഒരിക്കലും നീയെന്റെ ഹൃദയത്തിന്റെ സ്പന്ദനമാകുമെന്ന് ഞാന്‍ നിനച്ചില്ല. ഇന്റര്‍വ്യൂ കാര്‍ഡും, സര്‍ട്ടിഫിക്കറ്റുകളും കൊണ്ട് നീ നടന്നു കയറിയത് ഈ കോളേജിലേക്കു മാത്രമല്ല, എന്റെ മനസിലേയ്ക്കും കൂടിയാണ്.വരണ്ടു കിടന്ന എന്റെ മനസാകുന്ന മരുഭൂമിയിലേക്ക് നീ പെയ്തിറങ്ങാന്‍ തുടങ്ങിയ നിമിഷം മുതല്‍ എന്റെ മനസ് നിന്നെ മാത്രം നിനച്ചിരിക്കുകയാണ്. ഒരിക്കലും സ്വന്തമാകില്ല എന്നറിയാമെങ്കിലും ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിന്റെ മനസില്‍ എനിക്കുള്ള സ്ഥാനം പോലും എന്തെന്ന് എനിക്കറിയില്ല. എന്നാലും ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിന്നെ സ്നേഹിക്കുവാനുള്ള അടിസ്ഥാനയോഗ്യത പോലും എനിക്കില്ല എന്നറിയാം. ഒരിക്കലും സൗന്ദര്യം കൊണ്ടും ഒന്നു കൊണ്ടൂും ഞാന്‍ നിനക്ക് യോജിക്കില്ല എന്നെനിക്കറിയാം. പക്ഷേ സ്നേഹിക്കാന്‍ മാത്രമറിയുന്ന, സൗന്ദര്യമുള്ള ഒരു മനസ് എനിക്കുണ്ട്.
                   അസാന്നിദ്ധ്യം ഹൃദയത്തില്‍ സ്നേഹം വളര്‍ത്തുന്നു എന്നത് എത്ര സത്യമാണെന്ന് നിനക്കറിയാമോ...?
നിന്നെ കാണാതിരിക്കുന്ന ഓരോ നിമിഷങ്ങളിലും ഞാന്‍ നിന്നെ കൂടുതല്‍ കൂടുതല്‍ സ്നേഹിക്കുന്നു. നിന്നെ കാണാതിരിക്കുന്നത് ദുഃഖമാണെങ്കിലും ആ ദുഃഖം ഞാന്‍ ആസ്വദിക്കുന്നു.
എന്റെ ഓരോ സന്തോഷത്തിലും സങ്കടത്തിലും അത് പങ്കുവെക്കാന്‍ നീ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ഓര്‍ത്ത് പോവുകയാണ്.
നിന്റെ ജീവിതമാകുന്ന സിനിമയില്‍ വന്നുപോകുന്ന ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരിക്കാം ഞാന്‍, എന്നാല്‍ നീ എന്നും എന്റെ ജീവിതത്തിലെ നിത്യഹരിത നായികയായിരിക്കും. ഷേക്സ്പിയര്‍ ഒരിക്കല്‍ പറഞ്ഞു "ആത്മാര്‍ത്ഥസ്നേഹം ഒരിക്കലും മങ്ങാത്ത നക്ഷത്രത്തെ പോലെയാണെന്ന് ". അത് എത്രമാത്രം ശരിയാണ്.! അല്ലെങ്കില്‍ നീ എന്നോടു പറഞ്ഞ മറുപടി കേട്ടപ്പോള്‍ തന്നെ എന്റെ മനസില്‍ നിന്ന് നീ മാഞ്ഞു പോകേണ്ടതല്ലായിരുന്നു.?
എല്ലാം അവസാനിപ്പിക്കാം എന്ന് വിചാരിക്കുമ്പോള്‍ നിന്റെ ഓര്‍മ്മകള്‍ അതിന് അനുവദിക്കുന്നില്ല.,
എന്റെ മനസില്‍ വിരിഞ്ഞ നീലക്കുറിഞ്ഞി പുഷ്പമേ... നീ ഒരിക്കലും എന്റെ മനസില്‍ നിന്ന് കൊഴിയില്ല.
നിന്റെ വരവും പ്രതിക്ഷിച്ച് സ്നേഹത്തിന്റെ കൂടുകെട്ടി ഞാന്‍ കാത്തിരിക്കാം. പ്രണയത്തിന്റെ മധുരവുമായി നീ എന്നിലേക്ക് വന്നു ചേരുമോ സഖീ....? ""

Thursday 24 April 2014

പരിണാമം....








ഇനി എനിക്കെന്റെ ആഗ്രഹങ്ങളേയും,
സ്വപ്നങ്ങളേയും വീട്ടില്‍ കഞ്ഞിക്കലത്തിനടിയില്‍-
തീയായി, കനലായി,
ഒരുപിടി ചാരമായി പരിണാമം-
ചെയ്യിക്കേണ്ടിയിരിക്കുന്നു.
ഇല്ലേല്‍,
വീട്ടില്‍ തീകായാത്ത അടുപ്പിനകലെ
എനിക്കായി തുറന്നിരിക്കുന്ന മറ്റുചില-
കണ്ണുകള്‍ കലങ്ങി അടയുന്നതു
കണേണ്ടിവരും ഞാന്‍...

സ്വയം കണ്ണുനീര്‍ കുടിച്ച്,
വീട്ടില്‍ എനിക്കായി തുറന്നിരിക്കുന്ന മറ്റു
കണ്ണുകളില്‍ കണ്ണുനീര്‍ ജനിക്കാതെ
നോക്കേണ്ടിരിക്കുന്നു ഞാന്‍...
എന്റെ വയറു നിറയ്ക്കാന്‍-
എന്നും എന്‍ അമ്മ കണ്ണു നനയ്ക്കും...





Friday 18 April 2014






നിശബ്ദതയുടെ നൊമ്പരങ്ങള്‍,... അവ
നിശബ്ദതയില്‍ ജനിച്ചു,
നിശബ്ദതയില്‍ മരിക്കുന്നു.
ശബ്ദങ്ങള്‍ അവയെ അറിയാതെ-
ശബ്ദിച്ചുകൊണ്ടേയിരിക്കുന്നു...

Saturday 12 April 2014











ഈറനണിഞ്ഞയീ രാത്രിയില്‍,
ഈറനണിഞ്ഞ ഓര്‍മ്മകളാല്‍-
ഈറനണിഞ്ഞ കണ്ണുകളുമായി,
ഈ നാലു ചുമരിനുള്ളില്‍ ഞാനും,
ഈയെന്റെ ഏകാന്തതയും മാത്രം....









Friday 11 April 2014

ഒരുനൂറു പൂവില്‍ നിന്നും-
ഒത്തിരി തേന്‍ നുകര്‍ന്നു,
വിരലിലെണ്ണും നാളുകള്‍ മാത്രം ജീവിച്ചു,
ഒരായുസ്സ് അവസാനിപ്പിക്കുന്ന-
ആ വര്‍ണ്ണ ശലഭങ്ങള്‍ക്കു,
ഒരുവാക്കു മിണ്ടുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍
അവ ലോകത്തോടു വിളിച്ചുപറഞ്ഞേനേ...
ഭൂമിയെത്ര സുന്ദരം എന്ന്....

Wednesday 9 April 2014

ചിതറിയ അക്ഷരങ്ങള്‍....








എന്റെ പിന്നിലൊരു കണ്ണുനീര്‍ കടലെന്നറിയുന്നു
ഞാന്‍,
മുന്നിലൊരേകാന്തതതന്‍ മരുഭൂമിയും.
ഇവയ്ക്കിടയില്‍ എന്റെ ഹൃദയത്തിനുള്ളില്‍പ്പെട്ടു-
തേങ്ങിക്കരയുന്ന ചിതറിയ അക്ഷരങ്ങള്‍-
കാണുന്നുഞാന്‍.
ഇനിയാ ചിതറിയ അക്ഷരങ്ങളെ വാക്കുകളാക്കി-
യവയെ വരികളിലെഴുതി ജീവനേകുന്നുഞാന്‍.
ആ അക്ഷരങ്ങള്‍ കാലം ചിതറിച്ച എന്റെ-
കഴിഞ്ഞകാല ജീവിതമാണ്.
അവയില്‍ ഞാനുണ്ട്,
എന്റെ വികാരങ്ങളുമുണ്ട്...

Friday 4 April 2014








കാലത്തിന്റെ യാത്രാവഴിമദ്ധ്യേ ജീവിതത്തിന്റെ-
കണക്കുകള്‍ കൂട്ടുകയും കുറയ്ക്കുകയും ചെയ്യേണ്ടി-
വന്നപ്പോള്‍, ഹൃദയത്തിന്റെ പുസ്തകത്തില്‍-
നിന്നും ഒരു താളുകീറിഞാനെടുത്തു.
പഴക്കംചെന്ന ആ താളില്‍ എന്നോ സ്നേഹ-
ത്തിന്റെ മഷിയാല്‍ ഞാനെഴുതിയ അവളുടെ-
ഓര്‍മ്മകള്‍ എന്റെ കണ്ണുകളില്‍ വീണ്ടും-
വര്‍ണ്ണങ്ങള്‍ ചാലിച്ചു.
നിമിഷങ്ങള്‍ ബാക്കിവയ്ക്കാതെ അണപൊട്ടിയ-
കണ്ണീരാല്‍ ആ വര്‍ണ്ണങ്ങള്‍ മങ്ങിമാഞ്ഞു.,
അല്ല, കണ്ണീരാല്‍ ഞാനാ വര്‍ണ്ണങ്ങള്‍-
മായ്ക്കാന്‍ ശ്രമിച്ചു.
ഇനിയാ താളില്‍, കാലം മുന്നില്‍ കാണിക്കുന്ന-
ജീവിതത്തിന്റെ കണക്കുകള്‍ എനിക്കു-
കൂട്ടിക്കുറയ്ക്കേണ്ടതുണ്ട്...,

Tuesday 1 April 2014

വെറുമൊരോര്‍മ്മപ്പെടുത്തല്‍.









മറവിക്കും ഓര്‍മ്മയ്ക്കുമിടയില്‍ ഒളിച്ചുകളിക്കുന്ന-
ചില വേദനകള്‍.,
അവ ഉരുകി കണ്ണുനീരായി എന്റെ കണ്ണുകളിലൂടെ-
പുറത്തേയ്ക്കു വഴിതേടി.,
എന്നിലെ ഞാനവയ്ക്കു വഴികാട്ടി.
ഇന്നവയ്ക്കതൊരു നടപ്പാതയാണ്.
കാലവും സമയവും തെറ്റി അവ-
ആ വഴി വരാറുണ്ട്.

ഒരുപക്ഷേ, അതുചില ഓര്‍മ്മപ്പെടുത്തലുകളാവാം.,
നഷ്ടബോധത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍...,
എങ്കിലും ആ കണ്ണുനീര്‍ത്തുള്ളികള്‍ എനിക്കു-
നഷ്ടപ്പെട്ടതൊന്നും തിരിച്ചു നല്‍കുന്നില്ല എന്നതു-
മാത്രമാണ് സത്യം...,



























കരിയിലയതിന്‍ പ്രണയം കാറ്റിനോടു ചൊല്ലി.
കാലങ്ങളായി പ്രണയം പകുത്തു മതിവരാത്ത-
കാറ്റ്, ആ പ്രണയാഭ്യര്‍ത്ഥന സ്വീകരിച്ചു.
ഇലയെ കാറ്റതിന്‍ ചിറകിലേറ്റി,
കാറ്റതിന്‍ പ്രണയം ഇലയ്ക്കു പകുത്തുകൊടുത്തു.

പറയാതെ എതിര്‍പ്പെട്ടു തമ്മില്‍ ആലിങ്കനം-
ചെയ്ത കാറ്റുകള്‍ക്കിടയില്‍പ്പെട്ടു നിലതെറ്റിയായിലയ്ക്കു.
തന്‍ ജീവനായി കരഞ്ഞായില, തന്‍-
പ്രണയത്തിനായി കരഞ്ഞായില..,
എങ്കിലും, പക്ഷേ...,
ആരും കേള്‍ക്കാതെയാ കരച്ചില്‍ നിലച്ചു.
ആ ഇല മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു,
മുള്ളില്‍ കൊരുത്തു, ആരുമറിയാതായില മരിച്ചു.
തന്റെ പ്രണയിനി മരിച്ചതറിയാതെ-
കാറ്റ് വീണ്ടും വീശുന്നു,
വീണ്ടും പ്രണയങ്ങള്‍ തേടുന്നു....,

കഥാപാത്രങ്ങള്‍.












തുറക്കപ്പെടാത്ത പുസ്തകത്താളുകള്‍,
ആരോ എന്നോ വായിച്ചു മടക്കിയ-
അവസാന താളുകള്‍.,
ആരൊക്കെയോ എഴുതി ജീവന്‍ കൊടുത്തതും,
ആരുടെയൊക്കെയോ വായനയിലൂടെ ജീവിച്ച-
തുമായ ചില ജീവന്റെ തുടിപ്പുകള്‍, ആ-
പുസ്തകങ്ങള്‍ക്കുള്ളിലുണ്ട്.,
അവരെ നമ്മള്‍ കഥാപാത്രങ്ങള്‍ എന്നു വിളിച്ചു.

കഥാപാത്രങ്ങള്‍,
വായനശാലകള്‍ എന്നപേരില്‍ മുറികളില്‍-
അടയ്ക്കപ്പെട്ട, പൊടിയടിച്ചു പുറംചട്ടമങ്ങിയ,
ചിതലുകള്‍ കഴുത്തറുത്തുമുറിക്കുന്ന പാവങ്ങള്‍.
അവര്‍ മരിച്ചു തുടങ്ങിയിരിക്കുന്നു..

ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ഏടുകളും,
വിശ്വവിഖ്യാത ഇതിഹാസങ്ങളും,
ആ സങ്കീര്‍ത്തനവും,. തുടങ്ങിയ-
സൃഷ്ടികളില്‍ ജനിച്ച കഥാപാത്രങ്ങള്‍.
ആരുടെയൊക്കെയോ വായനയിലൂടെ ജീവിച്ചയാ-
കഥാപാത്രങ്ങളെ ഇന്നത്തെ തലമുറകള്‍-
കാണാതെ പോകുന്നുവെന്നത് സത്യമോ...?
അതോ കാലം കാത്തുവച്ച വിധിയോ....?

വായനയില്ലാത്ത ലോകത്തിലെ, വായിക്കപ്പെ-
ടാത്ത പുസ്തകങ്ങളിലെ കഥാപാത്രങ്ങള്‍-
ഇനിയും മരിച്ചുകൊണ്ടേ ഇരിക്കും.

മരിച്ചുകൊണ്ടിരിക്കുന്ന കഥാപാത്രങ്ങള്‍ക്കു-
ജന്മം കൊടുത്തവര്‍ വീണ്ടും പുതിയ കഥാപാ-
ത്രങ്ങള്‍ക്കു ജന്മം-
കൊടുത്തുകൊണ്ടേയിരിക്കുന്നു.......


Sunday 23 March 2014

ജന്മദാത്രി.



ഒരിക്കലാ ഗര്‍ഭപാത്രമെനിക്കായി കരുതിവച്ചവള്‍,
ചുമന്നെന്നെ ഏറെനാള്‍ ഞാനറിയാതവള്‍.
ഞാനവള്‍ക്കുള്ളില്‍ വേദനയെങ്കിലും,-
തന്നവള്‍തന്‍ രക്തവും ചൂടും ചുവപ്പും.
അറിഞ്ഞില്ല ഞാന്‍ ജീവിക്കിലും ആ ദിനങ്ങളെ,
എണ്ണി കാത്തവള്‍ ഞാന്‍ ജനിക്കും ദിനത്തിനായ്.

എന്നെ പത്തുമാസം ചുമന്നവള്‍, പെറ്റു-
ഈ ലോകസുഖങ്ങളില്‍ ചോരപ്പുതപ്പിനാല്‍.
ഇത്രനാള്‍ ഉദരത്തില്‍ എന്നെ ചുമന്നവള്‍,
ആ നിമിഷം തന്നുതന്‍ ചോര എനിക്കു പുതപ്പായി.
ഏറെനാള്‍ കഴിഞ്ഞറിഞ്ഞു ഞാന്‍, ആ-
നാരി എനിക്കമ്മയാണെന്നതും.
ഒരു വിളിക്കായ് അവളേറെക്കൊതിച്ചതായ വാക്കു-
വിളിച്ചു ഞാനാ നാരിയെ എന്‍ വായാല്‍..,
അമ്മ...അമ്മ...
ഈ വാക്കിന്‍ പവിത്രത അറിയുന്നു ഞാന്‍,-
മറക്കില്ല ഞാന്‍.
ജീവന്‍ തന്നതെനിക്കാ അമ്മ ഇന്നു-
ജീവനായ് മാറി ഈ ജീവിതത്തില്‍.

നിങ്ങളോടൊന്നേ പറയാനാഗ്രഹിക്കുന്നുള്ളൂ ഞാന്‍,-
ജീവനുള്ളിടത്തോളം മറക്കരുതാ വാക്കുകള്‍.,
അറ്റുപോകരുതൊരിക്കലും നിന്‍ അമ്മ തന്‍-
ബന്ധം ഒരു പൊക്കിള്‍ക്കൊടിപോല്‍..,


Friday 21 March 2014

ദൈവങ്ങളേ നിങ്ങള്‍ക്കൊരു മുന്നറിയിപ്പ്.



ആത്മാവിലഗാധത്തിലിതെന്‍ ദുഃഖത്താല്‍-
കുറിക്കുന്നീവാക്കുകള്‍ ദൈവങ്ങളെ നിങ്ങള്‍ക്കായി.
സര്‍വ്വം ഗ്രഹിക്കും ദൈവങ്ങളറിയുമീ-
ആരുമറിയാത്തവന്‍ വാക്കും വേദനയും.
ഇതു വാക്കുകള്‍,
എന്റെ നോക്കുകള്‍,
ഈ ഭൂമിയില്‍ ഞാന്‍ കണ്ടകാഴ്ചകള്‍.

ചലനം നഷ്ടമായ്,
യാത്രകള്‍ക്കന്ത്യമായ്, ഇതു-
നന്മയാം നീര്‍ച്ചാലുകള്‍ വറ്റിവരണ്ടകാലം.

കരിപുരണ്ടു മങ്ങിയീ പകലുകള്‍,
പേടിസ്വപ്നങ്ങള്‍ വാഴുമീ രാത്രികള്‍,
നിശബ്ദമാ നീതിന്യായങ്ങള്‍,
മൗനമാ സത്യങ്ങള്‍,
ശൂന്യമാ നന്മകള്‍.
ഈ കാഴ്ചകള്‍തന്‍ യാത്രകള്‍ക്കവസാനം-
കത്തിയൊരുപിടിചാരമായിമാറുമീ ഭൂമി.

ദൈവങ്ങളേ...
മരവിച്ചമനസ്സുമായ് നിങ്ങള്‍ക്കായെഴുതുന്നു-
ഞാനീസ്നേഹവാക്കുകള്‍.,
അരുത്..വരരുതൊരിക്കലുമീ, നന്മയെകൊന്നി-
ന്നാ ശവംതിന്നുമീ ഭൂമിയില്‍.
ഇരിക്ക ദൈവങ്ങളെ നിങ്ങള്‍-
സ്നേഹംനിറയും ഉയരങ്ങളില്‍.

ദൈവങ്ങളേ...
ഇതെന്‍ സ്നേഹവാക്കുകള്‍,
ഈ ഭൂമിയില്‍ ഒരുകോണില്‍ മരിച്ചു-
ജീവിക്കുമൊരുവന്‍ നിങ്ങള്‍ക്കേകുന്നൊരു-
മുന്നറിയിപ്പിന്‍ വാക്കുകള്‍.


Friday 14 March 2014

പ്രതിഫലം.




ഒരിക്കലെന്‍ ഓര്‍മ്മകളാല്‍ ഞാന്‍ കൊല്ലപ്പെടും,
അവയെഞാന്‍ സ്നേഹിച്ചതിനുള്ള പ്രതിഫലമായി-
എടുക്കുമവയെന്റെ ജീവനെ.
ഓര്‍മ്മകളാല്‍ ജീവിച്ചൂ ഞാന്‍,
അന്നാ ഓര്‍മ്മകളാല്‍ മരിക്കും ഞാന്‍.
തീരുമാ അന്ത്യത്തില്‍ എന്റെയീ ജീവിതയാത്ര-
ചില വിടചൊല്ലല്‍ മാത്രം ബാക്കിയാക്കി.
അന്നെന്റെ സ്വപ്നങ്ങളും,
അന്നെന്റെ ദുഃഖങ്ങളും,
അന്നെന്റെ ഓര്‍മ്മകളും,
ദൂരെകേള്‍ക്കുന്ന അലറിക്കരച്ചിലും,
എന്റെ കുഴിക്കരികില്‍ ഒരുവാക്കു മിണ്ടാതെ-
മണ്ണിട്ടുമൂടും എന്നതുസത്യം.






Sunday 9 March 2014

അച്ഛന്റെ കല്ലറയ്ക്കരികില്‍...



കല്ലേ..,
നിന്നെ നെയ്തുണ്ടാക്കിയ അറയ്ക്കുള്ളിലായ്-
എന്നോ ഉറങ്ങാന്‍ കിടന്നതെന്നച്ഛന്‍.
നാള്‍കള്‍ ഏറെക്കഴിഞ്ഞെങ്കിലും ഇന്നുമതി-
നരികില്‍ കണ്ണീരുമായി നില്‍ക്കുന്നു ഞാന്‍.
അച്ഛനുമെനിക്കുമിടയിലായി ഇന്നിതാ-
ശബ്ദങ്ങള്‍പോലും നിശബ്ദമായിമാറി.
നിശബ്ദതയ്ക്കുള്ളില്‍ മൗനമായെന്നച്ഛന്റെ-
ആത്മാവുതേങ്ങുന്നുണ്ടാവും.
ഇന്നീ കല്ലറയ്ക്കരികില്‍ മെഴുകുതിരികളായി-
കത്തുന്നെന്റെ ദുഃഖവും കണ്ണുനീരും.

ഉണ്ടീ കല്ലറയ്ക്കുള്ളിലെന്‍ ജീവനും,ജീവിതവും,-
ഇന്നു മണ്ണിലലിഞ്ഞു മണ്ണായിമാറി.
ആത്മാവുകളഞ്ഞു ജഡമായിവന്നീ കല്ലറയില്‍,
ഇന്നു മണ്ണായി, അസ്ഥിമാത്രമായി മാറിയിരി-
ക്കാമെന്റെ അച്ഛനുണ്ടായിരുന്നൊരിക്കലൊരു-
ശരീരവും, അതിലോരു ജീവനും.

എന്റെ ജീവന്റെ വൃക്ഷമേ.....
വീണുമുളച്ചതുഞാന്‍ നിന്നില്‍ നിന്നും,
കണ്ടുഞാനെന്‍ കണ്‍മുന്നിലായിതാ-
മഹാവൃക്ഷം കടപുഴകും കാഴ്ച്ചയും.
വിധിതിന്നെന്റെ ജീവന്റെജീവനെ,
തെളിവും ഓര്‍മ്മയും കാത്തുവയ്ക്കാന്‍ ഇനിയീ-
കല്ലറ മാത്രം.
ഹൃദയം നുറുങ്ങുന്നു, കണ്ണുനീര്‍ വഴിതേടുന്നു,
"അച്ഛാ..." എന്നൊന്നു വിളിക്കുവാന്‍, ഒരു-
നോക്കുകാണുവാന്‍, ഒരുവാക്കുമിണ്ടുവാന്‍,
ഓര്‍മ്മകള്‍ക്കപ്പുറം ആഴമായ് കൊതിക്കുന്നെന്റെ-
ഉള്ളിന്റെയുള്ളം.
ശരീരമില്ലെങ്കിലുമച്ഛാ.. എനിക്കുറപ്പുണ്ടെന്‍-
കൂടെയുണ്ടാകും നിന്‍ ആത്മാവുകൂട്ടായി.
മരിച്ചിട്ടില്ലയെന്‍ അച്ഛനെന്‍ ഹൃദയത്തില്‍,
ഇനി മരിക്കുകയുമില്ല ഒരിക്കലുമെന്നില്‍.
ഒന്നേയെനിക്കിന്നു ചെയ്യുവാനാകൂ,
കരയുവാനും,കൂടെ പ്രാര്‍ത്ഥിക്കുവാനും,
കിട്ടുവാനെന്നച്ഛനു സ്വര്‍ഗ്ഗവും ശാന്തിയും.
കല്ലറകാല്‍ക്കല്‍ തൊട്ടുതൊഴുതു ചോദിക്കുന്നു-
ഞാനച്ഛനോടു അനുഗ്രഹം.

തിരികെ മടങ്ങുന്നു ഞാന്‍,
യാത്രയാക്കാന്‍ കഴിയാതെ കിടക്കുന്നയെന്ന-
ച്ഛനരികില്‍ നിന്നും.
ഇനിയീ ലോകത്തിലൊരിക്കലും കണ്ടുമുട്ടില്ല-
ഞാനുമെന്നച്ഛനുമെന്നതു സത്യം.
അച്ഛനില്ലാത്ത ലോകം നടന്നു തീര്‍ത്തൊരിക്കല്‍-
ഞാനുമെത്തുമെന്നച്ഛനരികെ...,
ഞാനുമെത്തുമെന്നച്ഛനരികെ...,
കാലമെത്തിക്കുമെന്നയുമെന്നച്ഛനരികെ..

Thursday 6 March 2014

മുറിവേറ്റ ജീവിതം




എന്റെ ജീവിതം, എന്റെ മുറിവുകളെ-
പൊതിഞ്ഞുകെട്ടും തുണികഷ്ണങ്ങള്‍ മാത്രം.
ഹൃദയത്തില്‍ വേദനകള്‍ക്കായി മാത്രം-
സമയം കണ്ടെത്തിയ ജീവിതം.
ലോകത്തിനു മുന്നില്‍ ഞാന്‍ സന്തോഷത്തിന്റെ-
മുഖംമൂടിയണിയിച്ച എന്റെ ജീവിതം.
ആ ജീവിതം ഇന്നൊരു കണ്ണുനീര്‍ തുള്ളിയില്‍-
ആശ്വസം തേടുന്നു.

എന്റെ ഓര്‍മ്മകളും, എന്റെ സ്വപ്നങ്ങളും,..
എനിക്കു ദുഃഖങ്ങള്‍ മാത്രം.
കണ്ണുനീര്‍ ഒരു സത്യവും, ജീവിതം ആ-
സത്യത്തെ ചുമന്നുനടക്കും മഹാസത്യവും,.
ഇവയുടെ ലക്ഷ്യം മരണമെന്ന ലോകസത്യവും.
ഇന്നെന്റെ കാത്തിരിപ്പ് ആ മരണത്തിനായാണ്.

ഞാന്‍ മരിക്കുന്ന നാളില്‍,
അല്ല.,
         ഞാന്‍ മരിക്കുമൊരു നാളില്‍..,
അന്നെന്റെ ദുഃഖങ്ങള്‍ എന്നില്‍ നിശബ്ദമാകും,
ആ നിശബ്ദത എന്റെ അരികില്‍ ചിലരുടെ കണ്ണുനീരാകും...







Saturday 22 February 2014

തിരുശേഷിപ്പുകൾ

  
 

പഴകി ചിതലെടുത്ത സ്വപ്നങ്ങളും,
ചാരം മൂടിക്കിടക്കുന്ന ആ ഓർമ്മകളും, 
എന്റെ ജീവന്റെ ശ്വാസം സഞ്ചരിച്ചുതേഞ്ഞുപോയ മൂക്കും, 
ലക്ഷ്യം നശിച്ചു ഇരുളിൽ പൂഴ്ന്ന കണ്ണുകളും, 
തുടക്കവും ഒടുക്കവും ഇല്ലാതെ ഏതൊക്കെയോ-
വഴികളിൽ നടന്നു തേഞ്ഞകാലുകളും, 
ഇടയ്ക്കിടെ കണ്ണുനനക്കാൻ അഗാധങ്ങളിലെവിടെയോ-
കറച്ചു കണ്ണുനീരും...., 

ഇവ എന്റെ കഴിഞ്ഞ ജീവിതയാത്രയിലെ തിരുശേഷിപ്പുകൾ,
ഇനിയും ലക്ഷ്യത്തിൽ എത്തിച്ചേരാത്ത യാത്രയിൽ ഞാനും,
എനിക്കു ഊർജ്ജമായി എന്റെ തിരുശേഷിപ്പുകളും....