Sunday, 9 March 2014

അച്ഛന്റെ കല്ലറയ്ക്കരികില്‍...



കല്ലേ..,
നിന്നെ നെയ്തുണ്ടാക്കിയ അറയ്ക്കുള്ളിലായ്-
എന്നോ ഉറങ്ങാന്‍ കിടന്നതെന്നച്ഛന്‍.
നാള്‍കള്‍ ഏറെക്കഴിഞ്ഞെങ്കിലും ഇന്നുമതി-
നരികില്‍ കണ്ണീരുമായി നില്‍ക്കുന്നു ഞാന്‍.
അച്ഛനുമെനിക്കുമിടയിലായി ഇന്നിതാ-
ശബ്ദങ്ങള്‍പോലും നിശബ്ദമായിമാറി.
നിശബ്ദതയ്ക്കുള്ളില്‍ മൗനമായെന്നച്ഛന്റെ-
ആത്മാവുതേങ്ങുന്നുണ്ടാവും.
ഇന്നീ കല്ലറയ്ക്കരികില്‍ മെഴുകുതിരികളായി-
കത്തുന്നെന്റെ ദുഃഖവും കണ്ണുനീരും.

ഉണ്ടീ കല്ലറയ്ക്കുള്ളിലെന്‍ ജീവനും,ജീവിതവും,-
ഇന്നു മണ്ണിലലിഞ്ഞു മണ്ണായിമാറി.
ആത്മാവുകളഞ്ഞു ജഡമായിവന്നീ കല്ലറയില്‍,
ഇന്നു മണ്ണായി, അസ്ഥിമാത്രമായി മാറിയിരി-
ക്കാമെന്റെ അച്ഛനുണ്ടായിരുന്നൊരിക്കലൊരു-
ശരീരവും, അതിലോരു ജീവനും.

എന്റെ ജീവന്റെ വൃക്ഷമേ.....
വീണുമുളച്ചതുഞാന്‍ നിന്നില്‍ നിന്നും,
കണ്ടുഞാനെന്‍ കണ്‍മുന്നിലായിതാ-
മഹാവൃക്ഷം കടപുഴകും കാഴ്ച്ചയും.
വിധിതിന്നെന്റെ ജീവന്റെജീവനെ,
തെളിവും ഓര്‍മ്മയും കാത്തുവയ്ക്കാന്‍ ഇനിയീ-
കല്ലറ മാത്രം.
ഹൃദയം നുറുങ്ങുന്നു, കണ്ണുനീര്‍ വഴിതേടുന്നു,
"അച്ഛാ..." എന്നൊന്നു വിളിക്കുവാന്‍, ഒരു-
നോക്കുകാണുവാന്‍, ഒരുവാക്കുമിണ്ടുവാന്‍,
ഓര്‍മ്മകള്‍ക്കപ്പുറം ആഴമായ് കൊതിക്കുന്നെന്റെ-
ഉള്ളിന്റെയുള്ളം.
ശരീരമില്ലെങ്കിലുമച്ഛാ.. എനിക്കുറപ്പുണ്ടെന്‍-
കൂടെയുണ്ടാകും നിന്‍ ആത്മാവുകൂട്ടായി.
മരിച്ചിട്ടില്ലയെന്‍ അച്ഛനെന്‍ ഹൃദയത്തില്‍,
ഇനി മരിക്കുകയുമില്ല ഒരിക്കലുമെന്നില്‍.
ഒന്നേയെനിക്കിന്നു ചെയ്യുവാനാകൂ,
കരയുവാനും,കൂടെ പ്രാര്‍ത്ഥിക്കുവാനും,
കിട്ടുവാനെന്നച്ഛനു സ്വര്‍ഗ്ഗവും ശാന്തിയും.
കല്ലറകാല്‍ക്കല്‍ തൊട്ടുതൊഴുതു ചോദിക്കുന്നു-
ഞാനച്ഛനോടു അനുഗ്രഹം.

തിരികെ മടങ്ങുന്നു ഞാന്‍,
യാത്രയാക്കാന്‍ കഴിയാതെ കിടക്കുന്നയെന്ന-
ച്ഛനരികില്‍ നിന്നും.
ഇനിയീ ലോകത്തിലൊരിക്കലും കണ്ടുമുട്ടില്ല-
ഞാനുമെന്നച്ഛനുമെന്നതു സത്യം.
അച്ഛനില്ലാത്ത ലോകം നടന്നു തീര്‍ത്തൊരിക്കല്‍-
ഞാനുമെത്തുമെന്നച്ഛനരികെ...,
ഞാനുമെത്തുമെന്നച്ഛനരികെ...,
കാലമെത്തിക്കുമെന്നയുമെന്നച്ഛനരികെ..

8 comments:

  1. ഹൃദയം കൊണ്ടെഴുതിയ വരികള്‍ക്ക് തീവ്രതകൂടും....

    വേദനകളും ഓര്‍മകളും ഊര്‍ജ്ജമാക്കുക.....

    ReplyDelete
  2. ഹൃദയം കൊണ്ടെഴുതിയതാണീ വാക്കുകള്‍.
    ഇവ ഇനി ആറ്റിക്കുറുക്കിയാല്‍, അവയുടെ
    ആത്മാവ് നഷ്ടമാകും. കാരണം ഇവ ഞാനനുഭവിച്ച ജീവിതമാണ്.

    ReplyDelete
  3. ഹ്രദയത്തില്‍ തൊട്ടവരികള്‍ ,, കൊള്ളാം നിഖില്‍

    ReplyDelete
  4. നന്ദിയുണ്ട് സുഹൃത്തേ...

    ReplyDelete
  5. പാതിമെയ്യാം പിതാവ്
    വാക്കുകൊണ്ടൊരര്‍ച്ചന

    നന്നായിട്ടുണ്ട്

    ReplyDelete
  6. പിതാവിന് പ്രണാമം...rr

    ReplyDelete
  7. എല്ലാവർക്കും പോവേണ്ട ഇടം...
    അവിടെ അച്ഛൻ കാത്ത് നില്ക്കുന്നുണ്ടാവും

    ReplyDelete
  8. ആ കാത്തുനില്‍പ്പു വെറുതേയാകില്ല.

    ReplyDelete