Saturday 12 November 2016

മാപ്പ്..ഒരായിരം മാപ്പ്..
നിന്റെ കണ്ണില്‍ നിന്നും താഴെ വീണ-
കണ്ണുനീര്‍ തുള്ളികളില്‍ ഒന്നുപോലും
എന്റെ ഹൃദയം തുളയ്ക്കാതെ കടന്നുപോയിട്ടില്ല..

(തുടരും)

Tuesday 1 November 2016

പുച്ഛം.

പുച്ഛം.

നിന്നില്‍,
നീയും, നിന്റെ 'ഞാനെന്നഭാവവും'
ഗര്‍ഭം ധരിച്ചു പ്രസവിക്കുന്ന
വികാരത്തിന്‍ ഓമനപ്പേരാണ് 'പുച്ഛം..'
.
ഒന്നോര്‍ത്താല്‍ നന്ന്..,
യഥാര്‍ത്ഥത്തില്‍,
ഒരു  ചാപിള്ളയെ പെറ്റുവളര്‍ത്തുന്ന
നിന്നോടെനിക്കു  തോന്നുന്ന വെറുപ്പില്‍
മുങ്ങിയ സഹതാപമാണ് '..പുച്ഛം..'

Saturday 15 October 2016

ഓര്‍മ്മകളില്‍ നഷ്ടബോധത്തിന്റെ കടല്‍
തിരയടിക്കുന്നു.
കണ്ണുനീരുമൊത്തു കിടപ്പറപങ്കിട്ട രാത്രികള്‍
കണ്ണുനീരിന്റെ കഥ പറയുന്നു.
ഇന്നെന്റെ പ്രാര്‍ത്ഥന ഒന്നുമാത്രം,
ഓര്‍മ്മകള്‍ മരിക്കട്ടെ..., ഓര്‍മ്മകള്‍ മരിക്കട്ടെ...,
ഹൃദയത്തിന്റെ ചവറ്റുകൊട്ടയിലേക്കു
വലിച്ചെറിയപ്പെട്ട സത്യങ്ങളാണ്
യഥാര്‍ത്ഥത്തില്‍ ജീവിതം.
ആ സത്യങ്ങള്‍ ഓര്‍മ്മകളില്‍
കൊത്തിവയ്ക്കപ്പെടുന്നില്ല.,
ഇന്നവയ്ക്കുള്ളില്‍ ഞാനും എന്റെ
ഏകാന്തതയും,
എന്റെ മരണത്തെ തിരയുന്നു.....
എന്റെ മരണത്തെ തിരയുന്നു.....

Saturday 24 September 2016

ചിരി.

                            

                        ചിരി.

പിന്നിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍-
കാണുന്നതാണ് എന്റെ കഴിഞ്ഞ കാല-
ജീവിതമെങ്കില്‍,
ചിതറിക്കിടക്കുന്ന ചില കണ്ണുനീര്‍
തുള്ളികളുടെ അവശിഷ്ടങ്ങള്‍ മാത്രമേ-
ഞാന്‍ കാണുന്നുള്ളൂ ..
ഇനി,
പിന്നില്‍ ഞാന്‍ കണ്ടതിന്റെ ആകെ-
തുകയാണ് വരാനുള്ള ജീവിതമെങ്കില്‍,
ആ അവശിഷ്ടങ്ങള്‍ക്കിടയില്‍
നിന്നും ഞാന്‍ കണ്ണുനീര്‍ വറ്റാത്ത
രണ്ടു കണ്ണും എടുത്തു
തിരിഞ്ഞുനോക്കാതെ നടക്കും.
യാത്രയുടെ അവസാനനിമിഷത്തില്‍
ഞാന്‍ എന്റെ ജീവിതത്തെ
നോക്കി 'ചിരിക്കും'.

ഒടുവില്‍, ഒരു ഒടുക്കത്തെ ചിരി.
എനിക്കു കണ്ണുനീര്‍ മാത്രം തന്ന ജീവിതം,-
എന്റെ ചിരി മറക്കാതിരിക്കട്ടെ....

Monday 12 September 2016

പാലം.


               
                  പാലം.

എനിക്കും നിനക്കുമിടയിലെ അല്പദൂരം,
നാമറിയാതെപോയ നമ്മിലെ സ്നേഹദൂരം,
കണ്ണുനീര്‍ പുഴ നീന്തിക്കടന്നു നാം ഒന്നിച്ച-
നാളുകള്‍ ഓര്‍മ്മകളില്‍ മരിക്കുന്നു.
കരയിടിഞ്ഞ സ്വപ്നങ്ങള്‍ക്കുമേല്‍ ഹൃദയങ്ങള്‍-
പണിതപാലം നാം കാണാതെപോയോ..,?
മൗനമായ്  വിടചൊല്ലിയകന്നുവോ നാം..,?
നിനക്കായി... ഞാനും എന്റെ സ്വപ്നങ്ങളും
കണ്ണുനീരില്‍ മുങ്ങി മരിക്കുന്നു....
നിന്റെ കണ്ണുനീര്‍ കാണാതെ മറയുന്നു...
ഞാന്‍.....,

Tuesday 9 August 2016

ഒരു തോന്നല്‍...



                   
                       ഒരു തോന്നല്‍...

ഈ ജീവിതയാത്ര അവസാനിക്കാന്‍ 
സമയമായി എന്നൊരു തോന്നല്‍.,
ഈ യാത്രയ്ക്കു ഒടുവില്‍ ഞാന്‍ മറ്റൊരു-
യാത്ര ആരംഭിക്കും.
അവിടെ ഞാനെന്റെ കണ്ണുകള്‍ ചൂഴ്ന്നു എറിയും,
ഇതുവരെ ഞാന്‍ കണ്ട കാഴ്ച്ചകള്‍ വഴിയില്‍-
ചവിട്ടി അരയ്ക്കപ്പെടട്ടെ....
അവിടെ ഞാന്‍ ഇതുവരെ കണ്ട സ്വപ്നങ്ങള്‍ 
മറവിക്കു നല്‍കും.
അവ മരിച്ചു മണ്ണടിയട്ടെ....,
ഒന്നുമാത്രം മതിയെനിക്കു കൂട്ടിനു, എന്റെ ഓര്‍മ്മകള്‍..
ഞാനെന്റെ ഓര്‍മ്മകളുടെ കുഴിമാടം മാന്തും,
അവയ്ക്കു ജീവന്‍ നല്‍കും.,
പിന്നെ ഇരുട്ടുനിറഞ്ഞ കണ്ണുമായി ഞാനും എന്റെ 
ഓര്‍മ്മകളും പുതിയയാത്ര ആരംഭിക്കും.,
അവിടെ ഇരുട്ടെനിക്കു വഴികാട്ടും.....
പിന്നെ,
ഞാനറിയാതെന്‍ ഓര്‍മ്മകളിലും ഇരുട്ടുകയറും...
അങ്ങനെ ഞാനും ഇരുട്ടായി മാറും....
ഒടുവില്‍,
ഇരുട്ടു മാത്രമായി മാറും.......

Friday 15 July 2016




തീവ്രവാദങ്ങള്‍ക്ക് അടിമപ്പെട്ടു സ്വന്തം നാടു
നശിപ്പിക്കാന്‍ ഒരുങ്ങുന്നവരോടു ഒന്നു
മാത്രമേ പറയാനുള്ളൂ,
"പെറ്റു വളര്‍ത്തിയ അമ്മയ്ക്കു തുല്യമാണ്
         പോറ്റിവളര്‍ത്തിയ നാട് ."

അതെ, ഒന്നു ആഴമായി ചിന്തിച്ചാല്‍ പിച്ചവച്ചു
നടക്കാന്‍ പടിച്ച, പിന്നെ കൈപിടിച്ചു നടത്തിയ ,
നീ ചവിട്ടി നടന്നു വളര്‍ന്ന നാട്.
അത് അമ്മയോളം വലുത് തന്നെയാണ്.
                 
സ്വന്തം നാടിനേയും നാട്ടുകാരേയും, ജാതിയുടേയും
മതത്തിന്റെയും പേരില്‍ നശിപ്പിക്കാന്‍, നാടുകടന്നു
കൂട്ടു തേടുമ്പോള്‍ നീ ഒന്നോര്‍ക്കുക.,
" നിന്റെ ഭാരം സഹിച്ചു, നിനക്കുവേണ്ടി വേദന
സഹിച്ച, നീ ചവിട്ടി നോവിച്ച, നീ കണ്ടു വളര്‍ന്ന
'നിന്റെ അമ്മ' യെ ആണ്  'നീ' കൊല്ലുവാന്‍
ഒരുങ്ങുന്നത്....,"
              "ആ അമ്മയുടെ ഓരോ ശ്വാസത്തിലും,
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും
ശാന്തിയുടേയും കണങ്ങളുണ്ട്...,
അതു നശിപ്പിക്കരുത്..."
         
ഇത് ഈ നാട്ടില്‍ സമാധാനം
ആഗ്രഹിക്കുന്നവരില്‍ ഒരുവന്റെ
അപേക്ഷയാണ്.....@

Friday 27 May 2016




സുഹൃത്തുക്കളേ....
ജിഷയെ നിങ്ങള്‍ മറന്നോ...?
ജിഷ കൊല്ലപ്പെട്ടിട്ടു ഒരു മാസം കഴിയുന്നു.
പ്രതിയെ എനിക്കറിയില്ല. പ്രതിയെ നിങ്ങള്‍ക്കറിയാമോ...? അറിയില്ല എന്നെനിക്കറിയാം.,
ഇനി അറിയാന്‍ കഴിയുമോ ഇല്ലയോ എന്നെനിക്കറിയില്ല. 
രാഷ്ട്രീയക്കാര്‍ക്കിടയിലെ ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിനും, രാഷ്ട്രീയകളികള്‍ക്കും ഇടയില്‍പ്പെട്ടു ജിഷയുടെ 'യഥാ‍ര്‍ത്ഥ' കൊലയാളി രക്ഷപ്പെടും, ഒരുപക്ഷേ രക്ഷപ്പെട്ടിരിക്കും.
     
ഇതൊന്നും അറിയാതെ സ്വന്തം സഹോദരി മരിച്ച ദുഃഖത്തില്‍ കൊലയാളിയുടെ മുഖവും കാത്തിരിക്കുകയാണ് നാം ഓരോരുത്തരും., പക്ഷേ, നമ്മുടെ പ്രതികരണശേഷി നഷ്ടപ്പെട്ടിരിക്കുന്നു. സ്വന്തം കാര്യം മാത്രം. മറ്റുള്ളവരുടെ ദുഃഖങ്ങളേയും വികാരങ്ങളേയും വെറും Likes-ലും comments-ലും മാത്രം, കൂടിപോയാല്‍ ഒരു നെടുവീര്‍പ്പില്‍ ഒതുക്കുന്നവര്‍. 
സുഹൃത്തേ ഒന്നോര്‍ക്കുക.,
-"നിന്റെ പെങ്ങള്‍ ഇതുപോലെ പീഡിപ്പിക്കപ്പെട്ടാല്‍ നീ എന്തു ചെയ്യും.?"
-"നിന്റെ അമ്മ ഇതുപോലെ പീഡിപ്പിക്കപ്പെട്ടാല്‍ നീ എന്തു ചെയ്യും.?"
-"നിന്റെ കുടുംബം ഇതുപോലെ അപമാനിക്കപ്പെട്ടു നശിച്ചാല്‍ നീ എന്തു ചെയ്യും.?"

ഇങ്ങനെപോയാല്‍...
ജിഷയുടെ വിധി നാളെ എന്റെയും നിന്റെയും വീട്ടിലാകാം.
ആ അമ്മയുടെ കരച്ചില്‍ നാളെ എന്റെയും നിന്റെയും വീട്ടില്‍ കേള്‍ക്കാം.
അന്നും ഈ നീതിന്യായങ്ങള്‍ കണ്ണടയ്ക്കും.,
നീതി നമുക്കും ലഭിക്കില്ല...,

സുഹൃത്തേ... ഓര്‍ക്കുക......,
നമുക്കു മേലെയിരിക്കുന്ന നീതിയും ന്യായവും നമ്മെ ഭരിക്കുന്നവര്‍ക്കും, തെറ്റു ചെയ്യുന്നവര്‍ക്കു രക്ഷപ്പെടാനും മാത്രമുള്ളതാണ്., നമുക്കുള്ളതല്ല.,,
നമ്മുടെ നീതി നാം തന്നെ നടപ്പാക്കേണ്ടിയിരിക്കുന്നു.
ഓര്‍ക്കുക..,
"നീതി ലഭിക്കാത്തിടത്തു,

 നീ. തീ.  ആവുക."

Wednesday 9 March 2016

എന്റെ കലണ്ടര്‍.



എന്റെ കലണ്ടര്‍.



കലണ്ടറിലേക്കൊരു നോട്ടം.
എന്റെ കഴിഞ്ഞ ദിവസങ്ങളിലേക്കൊരു നോട്ടം.
ഹാവൂ ..., സമാധാനം....!
നേട്ടവുമില്ല, കോട്ടവുമില്ല,
കോമഡി മാത്രം.
വെറും കോമാളിത്തരം മാത്രം.
പിന്നിലെ നേട്ടം വെറും ശൂന്യതയാണെന്ന-
തിരിച്ചറിവുണ്ടായവന്റെ വാക്കുകള്‍,
അര്‍ത്ഥ ശൂന്യമായ വാക്കുകള്‍.
ഞാനൊന്നു ചിരിക്കാന്‍ ശ്രമിച്ചോട്ടേ...?
"കടല്‍ മധ്യത്തില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നവന്റെ-
ചിരി" എന്നു നിങ്ങള്‍ പുച്ഛിക്കരുത്.
എന്തായാലും,
പിന്നിലെ കണക്കുകള്‍ നാലായി-
മടക്കി പോക്കറ്റിലിട്ടു ഞാന്‍.
ഇതുവരെ എന്തു ചെയ്തോ-
അതുതന്നെ ഇനിയും,
മുന്‍വിധികളില്ലാത്ത യാത്ര,...
മുന്നിലേക്കൊരു യാത്ര,...
പക്ഷേ,
പിന്നിലെനിക്കു ദിവസങ്ങളേറെ ആയിരുന്നു,
കണക്കുകളും ഏറെ ആയിരുന്നു.
എന്നാല്‍,
മുന്നിലെനിക്കു ദിവസ കണക്കുകളില്ല, വെറും-
നിമിഷ കണക്കുകള്‍ മാത്രം.
വെറും നിമിഷങ്ങള്‍ മാത്രം.
വെറും കണക്കുകൂട്ടലുകള്‍ മാത്രം.

Saturday 5 March 2016







അ.
"അ-അമ്മ" എന്നു പഠിപ്പിച്ച നന്മയുടെ
കാലം കഴിഞ്ഞിരിക്കുന്നു.
ഇതു,  'അ' ഉപസര്‍ഗ്ഗമായി ചേര്‍ത്ത് -
തിന്മയ്ക്കു ജന്മം കൊടുക്കുന്ന കാലം.

സഹിഷ്ണുതയെ അസഹിഷ്ണുതയായും,
നീതിയെ അനീതിയായും,
സത്യത്തെ അസത്യമായും,
ധര്‍മ്മത്തെ അധര്‍മ്മമായും,
വിശ്വാസത്തെ അവിശ്വാസമായും,....തുടങ്ങി-
നന്മയെ തിന്മയിലേക്കു നയിക്കാന്‍
ലോകം മാറ്റി എഴുതിയ അക്ഷരം.
നന്മയ്ക്കു മുന്നില്‍ തിന്മയായി നിരര്‍ത്ഥകം
നിര്‍ത്തപ്പെടുന്ന പുനര്‍ജന്മം.
ഇതു 'അ' -യുടെ മാറ്റത്തിന്റെ കാലം.
അല്ല,
'അ' - കൊണ്ടൊരു മാറ്റത്തിന്റെ കാലം.

ഈ മാറ്റം,
ഇതു നാം വിശ്വസിക്കുന്നുവെങ്കില്‍,
ഇനിയൊരു ചോദ്യവും ഉത്തരവും മാത്രം ബാക്കി,

"ചോദ്യം : 'അ' -എന്നാല്‍....? "
"ഉത്തരം : അതു ഞാനും നീയും തന്നെ ".


Thursday 18 February 2016

സൗഹൃദം.



സൗഹൃദം.



ഏകാന്തതയുമായി സൗഹൃദം പങ്കിട്ടുഞാന്‍.
അകലെ നില്‍ക്കുന്ന നഷ്ടസ്വപ്നങ്ങളേക്കാള്‍,
കൈതട്ടിയകന്ന സ്നേഹബന്ധങ്ങളേക്കാള്‍,
നിഴല്‍ക്കറുപ്പിലൊളിക്കുന്ന പ്രതീക്ഷകളേക്കാള്‍,
സുഖമുണ്ടതിനെന്നറിഞ്ഞു ഞാന്‍.
സൗഹൃദത്തിനപ്പുറം പറയാതെപറഞ്ഞ
എന്തൊക്കെയോ
നമുക്കിടയില്‍ മിഴിനീരായി മാറി.
എങ്കിലും പക്ഷേ...,
ഞാനറിയാതെ എന്നും എന്നെ
സ്നേഹിക്കുന്ന മറ്റൊരു സുഹൃത്തെന്റെ
അരികിലുണ്ട്,
എപ്പോഴും എന്റെ തോളില്‍
കൈയിട്ടിരിക്കുന്ന ഒരു സുഹൃത്ത് .
'മരണം' എന്ന ഏക ആത്മാര്‍ത്ഥ സുഹൃത്ത്.
ഞാനവനെ മറക്കാന്‍ ശ്രമിച്ചാലും
അവനെന്നെ മറക്കില്ല,
ഒരിക്കലാ സ്നേഹം ഞാന്‍
മനസ്സിലാക്കേണ്ടിവരും,
പിന്നെ ഞാനവനെ മാത്രം
സ്നേഹിക്കേണ്ടിവരും.....

Friday 12 February 2016

ഭൂതവും ഭാവിയും- ഒരുപദേശം.




ഭൂതവും ഭാവിയും- ഒരുപദേശം.



നമ്മുടെ ജീവിതത്തിന്റെ കഴിഞ്ഞ കാലം,
ഒരുപക്ഷേ അതോര്‍ത്തു മറ്റുള്ളവര്‍
നമ്മെ പുച്ഛിച്ചേക്കാം,
പരിഹസിച്ചേക്കാം,
ഒറ്റപ്പെടുത്തിയേക്കാം,
എന്തുതന്നെ ആയാലും ,
നമ്മുടെ കഴിഞ്ഞകാലം, അതു നമ്മുടെ
ജീവിതത്തില്‍ നാം ഒരിക്കലും മറക്കാത്ത
പാഠങ്ങളാക്കി മാറ്റണം.

പിന്നെ, ഇനി.,

ഇനി നമ്മുടെ ജീവിതത്തില്‍
വരുവാനുള്ള കാലം,
അതു മറ്റുള്ളവര്‍ക്കു നമ്മള്‍ കൊടുക്കുന്ന
ഒരു പാഠപുസ്തകം ആയിരിക്കണം,
ആര്‍ക്കും ഒരിക്കലും പഠിച്ചു തീര്‍ക്കുവാന്‍
കഴിയാത്ത ഒരു പാഠപുസ്തകം.......

Sunday 7 February 2016

സത്യം.

സത്യം.



ഇരുട്ടിന്റെ സ്വപ്നം,
പകലെത്തും മുമ്പേ ചാപിള്ളയാകുന്നു.

Friday 22 January 2016

ഇനിയും എഴുതുവാന്‍ ഏറെ...... (കഥ) 



REVERIE (college magazine 2012-13)-ല്‍ എഴുതിയത്.



ഇനിയും എഴുതുവാന്‍ ഏറെ......


    ദുഃഖം എന്ന വികാരത്തെ മനസ്സില്‍ ഒരു നെടുവീര്‍പ്പിലൊതുക്കാന്‍ ഞാന്‍ പലപ്പോഴും ശ്രമിക്കാറുണ്ട്. എന്നാല്‍ ഇന്നെനിക്കതു കഴിഞ്ഞില്ല. ഇന്നാ ദുഃഖങ്ങള്‍ എന്റെ കണ്ണു നനച്ചു. 
                കോളേജ് മാഗസിന്നു വേണ്ടി ഒരു കഥ എഴുതുവാന്‍ ഇരുന്നതാണ് ഞാന്‍, പക്ഷേ..... എനിക്കതു കഴിയുന്നില്ല. പലപ്പോഴും പലസാഹചര്യങ്ങളില്‍ പല കഥകള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. ആ സമയത്തും ദൈവം നിഴല്‍പോലെ കൂട്ടിനു തന്ന ദുഃഖങ്ങള്‍ ഒന്നൊഴിയാതെ മനസില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന്.... ..ഇന്നും കൂട്ടിനു ആ ദുഃഖങ്ങള്‍ ഉണ്ട്. പക്ഷേ ഒരു വ്യത്യാസം, ഇന്നു ഞാനറിയാതെ എന്റെ കണ്ണുകള്‍ നനഞ്ഞു, എഴുതുവാന്‍ കഴിയുന്നില്ല. പേന പിടിച്ചിരിക്കുന്ന കൈ വിറയ്ക്കുന്നു. മനസ്സു ചിന്തകളെ എന്റെ കഴിഞ്ഞ ജീവിത ഓര്‍മ്മകളിലേക്കു നയിക്കുന്നു, ജീവിതം ദുഃഖങ്ങള്‍ സമ്മാനിച്ച നിമിഷങ്ങള്‍, ഓര്‍മ്മയില്‍ എവിടെയോ കിടന്ന കാര്യങ്ങള്‍ കണ്ണിലൂടെ മിന്നിമറയുന്നു. ഓര്‍മ്മകള്‍ എന്നെ പിന്നിലേക്കു തിരിഞ്ഞു നോക്കാന്‍ പ്രേരിപ്പിക്കുന്നു.
എന്റെ ജനനം മുതല്‍ ഇപ്പോള്‍ ഞാനൊഴുക്കുന്ന കണ്ണുനീര്‍ വരെ ഈ ലോകത്തു നിന്നും വിടപറഞ്ഞതും പറയാത്തതുമായ, ഞാന്‍ സ്നേഹിച്ചതും വെറുത്തതുമായ ഒരുപാടുപേര്‍, ഒരുപാടു കാര്യങ്ങള്‍.... ഇല്ലാ.... എനിക്കെന്നെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. എന്റെ കണ്ണുകള്‍ പെട്ടെന്നു നിറഞ്ഞൊഴുകുന്നു, കണ്ണുകള്‍ മങ്ങുന്നു.

      മനസില്‍ എഴുതാന്‍ ഒരുപാടു കഥകള്‍ ഉണ്ടെങ്കിലും അതൊന്നും മുഴുവനായി എന്റെ കണ്ണുകളില്‍ എത്തിക്കാന്‍ എനിക്കു കഴിയുന്നില്ല. കഥകള്‍ കണ്ണുനീരില്‍ മുങ്ങി താഴുന്നതു പോലെ... ഓര്‍മ്മകള്‍ എന്റെ ശരീരത്തെ തളര്‍ത്തുന്നു. കഥ എഴുതുവാനിരുന്ന എനിക്കു ഓര്‍മ്മകള്‍ കണ്ണുനീര്‍ തന്നു. കഴിയുന്നില്ല എനിക്കു.... എന്നാലും ഞാന്‍ എഴുതുവാന്‍ ശ്രമിക്കാം. ഒരു കഥ, എഴുതുന്ന കഥ മുഴുവനാക്കാന്‍ എനിക്കു കഴിയുമെന്നു തോന്നുന്നില്ല.
 ഇനി നിങ്ങള്‍ വായിക്കുന്നത് കഥയാണ്, ഞാന്‍ എഴുതുന്ന തെറ്റുകള്‍ തിരുത്താത്ത കഥ.,

               ഞാന്‍ ഒരു റോസാച്ചെടിയാണ്. എനിക്ക് ഒരു കാര്യം പറയാനുണ്ട്. പറയാനുള്ളത് കഥയല്ല, ഒരിലയുടെ നൊമ്പരമാണ്. ഒരു റോസാച്ചെടി പറയുന്ന വാക്കുകള്‍ നിങ്ങള്‍ എത്രത്തോളം ഉള്‍ക്കൊള്ളും എന്നെനിക്കറിയില്ല., ഞാനതു പറയാം, എന്നിലിന്നൊരു പൂവിരിഞ്ഞു, ഒരു സുഗന്ധമുള്ള റോസാപ്പൂവ്. ഈ സന്തോഷത്തോടൊപ്പം ഞാനിന്നൊരു ദുഃഖത്തിനും സാക്ഷിയാണ്. അതെ, എന്നില്‍ നിന്നും ഇന്നൊരു ഉണങ്ങിയ ഇല കൊഴിഞ്ഞു. കൊഴിയുന്നതിനു മുന്‍പു ആ ഇല മറ്റൊരിലയോടു തന്റെ ആഗ്രഹങ്ങളും നൊമ്പരങ്ങളും പങ്കുവയ്ക്കുന്നത് ഞാന്‍ കേട്ടു. സംസാരിക്കുമ്പോള്‍ ആ ഇല കരയുകയായിരുന്നു. ആ ഇലയുടെ ആഗ്രഹങ്ങളും നൊമ്പരങ്ങളും ചില വാക്കുകളിലൊതുക്കി അത് എന്നില്‍ നിന്നും ഇളകി അകന്നു. ആ ഇലയുെട വാക്കുകള്‍ ഇങ്ങനെയായിരുന്നു.,
           എന്റെ ജീവിതം അവസാനിക്കുന്നു. ഇനി ഒരിളം കാറ്റിനുപോലും എന്നെ മുഴുവനായി തഴുകുവാന്‍ കഴിയില്ല. എനിക്കൊരു നൊമ്പരമേയുള്ളൂ, ഒരു റോസാച്ചെടിയില്‍ ഒരിലയായി തളിര്‍ത്ത ഞാന്‍, എന്റെ ചെടിയില്‍ ഒരുപാടു റോസാപ്പൂ ക്കള്‍ വിരിയുന്നതിനു സാക്ഷിയായി. പക്ഷേ ഇതുവരെ ആ റോസാപ്പൂ ക്കളുടെ സുഗന്ധമറിയാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. തളിര്‍ത്ത നാള്‍ മുതല്‍ വിരിയുന്ന പൂക്കള്‍ക്കു കീഴില്‍ ജീവിച്ചു ഞാന്‍, ഇപ്പോള്‍ ഇതാ.... മരണം കണ്‍മുന്നില്‍, ഈ സമയത്തു എനിക്കിനി ഒരാഗ്രഹം മാത്രമേ ഉള്ളൂ., ഇനി എനിയ്ക്കൊരു ജന്മമുണ്ടെങ്കില്‍ ആ ജന്മത്തില്‍ എനിക്കു ഈ പൂക്കള്‍ക്കു മുകളിലൂടെ പറക്കുന്ന ശലഭമായി ജനിക്കണം, എനിക്കാ പൂക്കളുടെ സുഗന്ധമറിയണം, എനിക്ക്....

            ഇല്ല, എനിക്കു കഴിയില്ല....
   
   ക്ഷമിക്കണം, ഇതൊരു കഥയല്ല. കഥയിലുള്ള ചില സന്ദര്‍ഭങ്ങള്‍ മാത്രമാണ്. ഈ കഥ മുഴുവനാക്കാന്‍ എനിക്കു കഴിയില്ല, അതിനു എന്റെ മനസ്സ് എന്നെ സമ്മതിക്കുന്നില്ല. എന്റെ മനസ്സ് വേറേ എവിടെയോ സഞ്ചരിക്കുന്നു. ഇനി ഏറെ എഴുതുവാന്‍ എനിക്കു കഴിയില്ല ഞാന്‍ ചുരുക്കുന്നു.
       ജീവിതയാത്രയില്‍ ഞാന്‍ ഏകനല്ല, എനിക്കു കൂട്ടായി എന്റേയും ഞാന്‍ സ്നേഹിക്കുന്നവരുടേയും ദുഃഖങ്ങള്‍ ഉണ്ടാകും, ആ ദുഃഖങ്ങള്‍ക്കും അവര്‍ക്കും കൂട്ടായി ഞാനും.
        ഞാന്‍ ഒരിക്കല്‍ മാത്രമേ ഒറ്റപ്പെടുകയുള്ളൂ,
    അതെന്റെ മരണമായിരിക്കും, അന്ന് എന്റെ ജീവനില്ലാത്ത ശരീരത്തിനു അരികിലിരുന്ന് എന്നെ സ്നേഹിക്കുന്ന പലരുടേയും കണ്ണുകള്‍ നനയുന്നത് ഞാന്‍ കാണും, അന്ന് ആ കണ്ണുനീര്‍ തുടയ്ക്കുവാന്‍ എനിക്കു കഴിയില്ല. അന്ന് ആ കണ്ണുനീരിനു എന്റെ ജീവന്റെ വിലയുണ്ടാകും. അന്നു അവരോടു ഒരു വാക്കും പറയാതെ ഞാന്‍ ഏകനായി അകലേണ്ടിവരും. മരണമെന്ന സത്യം അന്ന് എന്നെ ജീവിതത്തില്‍ നിന്നും ഒറ്റപ്പെടുത്തും, ഞാന്‍.........