Wednesday, 9 March 2016

എന്റെ കലണ്ടര്‍.



എന്റെ കലണ്ടര്‍.



കലണ്ടറിലേക്കൊരു നോട്ടം.
എന്റെ കഴിഞ്ഞ ദിവസങ്ങളിലേക്കൊരു നോട്ടം.
ഹാവൂ ..., സമാധാനം....!
നേട്ടവുമില്ല, കോട്ടവുമില്ല,
കോമഡി മാത്രം.
വെറും കോമാളിത്തരം മാത്രം.
പിന്നിലെ നേട്ടം വെറും ശൂന്യതയാണെന്ന-
തിരിച്ചറിവുണ്ടായവന്റെ വാക്കുകള്‍,
അര്‍ത്ഥ ശൂന്യമായ വാക്കുകള്‍.
ഞാനൊന്നു ചിരിക്കാന്‍ ശ്രമിച്ചോട്ടേ...?
"കടല്‍ മധ്യത്തില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നവന്റെ-
ചിരി" എന്നു നിങ്ങള്‍ പുച്ഛിക്കരുത്.
എന്തായാലും,
പിന്നിലെ കണക്കുകള്‍ നാലായി-
മടക്കി പോക്കറ്റിലിട്ടു ഞാന്‍.
ഇതുവരെ എന്തു ചെയ്തോ-
അതുതന്നെ ഇനിയും,
മുന്‍വിധികളില്ലാത്ത യാത്ര,...
മുന്നിലേക്കൊരു യാത്ര,...
പക്ഷേ,
പിന്നിലെനിക്കു ദിവസങ്ങളേറെ ആയിരുന്നു,
കണക്കുകളും ഏറെ ആയിരുന്നു.
എന്നാല്‍,
മുന്നിലെനിക്കു ദിവസ കണക്കുകളില്ല, വെറും-
നിമിഷ കണക്കുകള്‍ മാത്രം.
വെറും നിമിഷങ്ങള്‍ മാത്രം.
വെറും കണക്കുകൂട്ടലുകള്‍ മാത്രം.

Saturday, 5 March 2016







അ.
"അ-അമ്മ" എന്നു പഠിപ്പിച്ച നന്മയുടെ
കാലം കഴിഞ്ഞിരിക്കുന്നു.
ഇതു,  'അ' ഉപസര്‍ഗ്ഗമായി ചേര്‍ത്ത് -
തിന്മയ്ക്കു ജന്മം കൊടുക്കുന്ന കാലം.

സഹിഷ്ണുതയെ അസഹിഷ്ണുതയായും,
നീതിയെ അനീതിയായും,
സത്യത്തെ അസത്യമായും,
ധര്‍മ്മത്തെ അധര്‍മ്മമായും,
വിശ്വാസത്തെ അവിശ്വാസമായും,....തുടങ്ങി-
നന്മയെ തിന്മയിലേക്കു നയിക്കാന്‍
ലോകം മാറ്റി എഴുതിയ അക്ഷരം.
നന്മയ്ക്കു മുന്നില്‍ തിന്മയായി നിരര്‍ത്ഥകം
നിര്‍ത്തപ്പെടുന്ന പുനര്‍ജന്മം.
ഇതു 'അ' -യുടെ മാറ്റത്തിന്റെ കാലം.
അല്ല,
'അ' - കൊണ്ടൊരു മാറ്റത്തിന്റെ കാലം.

ഈ മാറ്റം,
ഇതു നാം വിശ്വസിക്കുന്നുവെങ്കില്‍,
ഇനിയൊരു ചോദ്യവും ഉത്തരവും മാത്രം ബാക്കി,

"ചോദ്യം : 'അ' -എന്നാല്‍....? "
"ഉത്തരം : അതു ഞാനും നീയും തന്നെ ".