Sunday, 23 March 2014

ജന്മദാത്രി.



ഒരിക്കലാ ഗര്‍ഭപാത്രമെനിക്കായി കരുതിവച്ചവള്‍,
ചുമന്നെന്നെ ഏറെനാള്‍ ഞാനറിയാതവള്‍.
ഞാനവള്‍ക്കുള്ളില്‍ വേദനയെങ്കിലും,-
തന്നവള്‍തന്‍ രക്തവും ചൂടും ചുവപ്പും.
അറിഞ്ഞില്ല ഞാന്‍ ജീവിക്കിലും ആ ദിനങ്ങളെ,
എണ്ണി കാത്തവള്‍ ഞാന്‍ ജനിക്കും ദിനത്തിനായ്.

എന്നെ പത്തുമാസം ചുമന്നവള്‍, പെറ്റു-
ഈ ലോകസുഖങ്ങളില്‍ ചോരപ്പുതപ്പിനാല്‍.
ഇത്രനാള്‍ ഉദരത്തില്‍ എന്നെ ചുമന്നവള്‍,
ആ നിമിഷം തന്നുതന്‍ ചോര എനിക്കു പുതപ്പായി.
ഏറെനാള്‍ കഴിഞ്ഞറിഞ്ഞു ഞാന്‍, ആ-
നാരി എനിക്കമ്മയാണെന്നതും.
ഒരു വിളിക്കായ് അവളേറെക്കൊതിച്ചതായ വാക്കു-
വിളിച്ചു ഞാനാ നാരിയെ എന്‍ വായാല്‍..,
അമ്മ...അമ്മ...
ഈ വാക്കിന്‍ പവിത്രത അറിയുന്നു ഞാന്‍,-
മറക്കില്ല ഞാന്‍.
ജീവന്‍ തന്നതെനിക്കാ അമ്മ ഇന്നു-
ജീവനായ് മാറി ഈ ജീവിതത്തില്‍.

നിങ്ങളോടൊന്നേ പറയാനാഗ്രഹിക്കുന്നുള്ളൂ ഞാന്‍,-
ജീവനുള്ളിടത്തോളം മറക്കരുതാ വാക്കുകള്‍.,
അറ്റുപോകരുതൊരിക്കലും നിന്‍ അമ്മ തന്‍-
ബന്ധം ഒരു പൊക്കിള്‍ക്കൊടിപോല്‍..,


Friday, 21 March 2014

ദൈവങ്ങളേ നിങ്ങള്‍ക്കൊരു മുന്നറിയിപ്പ്.



ആത്മാവിലഗാധത്തിലിതെന്‍ ദുഃഖത്താല്‍-
കുറിക്കുന്നീവാക്കുകള്‍ ദൈവങ്ങളെ നിങ്ങള്‍ക്കായി.
സര്‍വ്വം ഗ്രഹിക്കും ദൈവങ്ങളറിയുമീ-
ആരുമറിയാത്തവന്‍ വാക്കും വേദനയും.
ഇതു വാക്കുകള്‍,
എന്റെ നോക്കുകള്‍,
ഈ ഭൂമിയില്‍ ഞാന്‍ കണ്ടകാഴ്ചകള്‍.

ചലനം നഷ്ടമായ്,
യാത്രകള്‍ക്കന്ത്യമായ്, ഇതു-
നന്മയാം നീര്‍ച്ചാലുകള്‍ വറ്റിവരണ്ടകാലം.

കരിപുരണ്ടു മങ്ങിയീ പകലുകള്‍,
പേടിസ്വപ്നങ്ങള്‍ വാഴുമീ രാത്രികള്‍,
നിശബ്ദമാ നീതിന്യായങ്ങള്‍,
മൗനമാ സത്യങ്ങള്‍,
ശൂന്യമാ നന്മകള്‍.
ഈ കാഴ്ചകള്‍തന്‍ യാത്രകള്‍ക്കവസാനം-
കത്തിയൊരുപിടിചാരമായിമാറുമീ ഭൂമി.

ദൈവങ്ങളേ...
മരവിച്ചമനസ്സുമായ് നിങ്ങള്‍ക്കായെഴുതുന്നു-
ഞാനീസ്നേഹവാക്കുകള്‍.,
അരുത്..വരരുതൊരിക്കലുമീ, നന്മയെകൊന്നി-
ന്നാ ശവംതിന്നുമീ ഭൂമിയില്‍.
ഇരിക്ക ദൈവങ്ങളെ നിങ്ങള്‍-
സ്നേഹംനിറയും ഉയരങ്ങളില്‍.

ദൈവങ്ങളേ...
ഇതെന്‍ സ്നേഹവാക്കുകള്‍,
ഈ ഭൂമിയില്‍ ഒരുകോണില്‍ മരിച്ചു-
ജീവിക്കുമൊരുവന്‍ നിങ്ങള്‍ക്കേകുന്നൊരു-
മുന്നറിയിപ്പിന്‍ വാക്കുകള്‍.


Friday, 14 March 2014

പ്രതിഫലം.




ഒരിക്കലെന്‍ ഓര്‍മ്മകളാല്‍ ഞാന്‍ കൊല്ലപ്പെടും,
അവയെഞാന്‍ സ്നേഹിച്ചതിനുള്ള പ്രതിഫലമായി-
എടുക്കുമവയെന്റെ ജീവനെ.
ഓര്‍മ്മകളാല്‍ ജീവിച്ചൂ ഞാന്‍,
അന്നാ ഓര്‍മ്മകളാല്‍ മരിക്കും ഞാന്‍.
തീരുമാ അന്ത്യത്തില്‍ എന്റെയീ ജീവിതയാത്ര-
ചില വിടചൊല്ലല്‍ മാത്രം ബാക്കിയാക്കി.
അന്നെന്റെ സ്വപ്നങ്ങളും,
അന്നെന്റെ ദുഃഖങ്ങളും,
അന്നെന്റെ ഓര്‍മ്മകളും,
ദൂരെകേള്‍ക്കുന്ന അലറിക്കരച്ചിലും,
എന്റെ കുഴിക്കരികില്‍ ഒരുവാക്കു മിണ്ടാതെ-
മണ്ണിട്ടുമൂടും എന്നതുസത്യം.






Sunday, 9 March 2014

അച്ഛന്റെ കല്ലറയ്ക്കരികില്‍...



കല്ലേ..,
നിന്നെ നെയ്തുണ്ടാക്കിയ അറയ്ക്കുള്ളിലായ്-
എന്നോ ഉറങ്ങാന്‍ കിടന്നതെന്നച്ഛന്‍.
നാള്‍കള്‍ ഏറെക്കഴിഞ്ഞെങ്കിലും ഇന്നുമതി-
നരികില്‍ കണ്ണീരുമായി നില്‍ക്കുന്നു ഞാന്‍.
അച്ഛനുമെനിക്കുമിടയിലായി ഇന്നിതാ-
ശബ്ദങ്ങള്‍പോലും നിശബ്ദമായിമാറി.
നിശബ്ദതയ്ക്കുള്ളില്‍ മൗനമായെന്നച്ഛന്റെ-
ആത്മാവുതേങ്ങുന്നുണ്ടാവും.
ഇന്നീ കല്ലറയ്ക്കരികില്‍ മെഴുകുതിരികളായി-
കത്തുന്നെന്റെ ദുഃഖവും കണ്ണുനീരും.

ഉണ്ടീ കല്ലറയ്ക്കുള്ളിലെന്‍ ജീവനും,ജീവിതവും,-
ഇന്നു മണ്ണിലലിഞ്ഞു മണ്ണായിമാറി.
ആത്മാവുകളഞ്ഞു ജഡമായിവന്നീ കല്ലറയില്‍,
ഇന്നു മണ്ണായി, അസ്ഥിമാത്രമായി മാറിയിരി-
ക്കാമെന്റെ അച്ഛനുണ്ടായിരുന്നൊരിക്കലൊരു-
ശരീരവും, അതിലോരു ജീവനും.

എന്റെ ജീവന്റെ വൃക്ഷമേ.....
വീണുമുളച്ചതുഞാന്‍ നിന്നില്‍ നിന്നും,
കണ്ടുഞാനെന്‍ കണ്‍മുന്നിലായിതാ-
മഹാവൃക്ഷം കടപുഴകും കാഴ്ച്ചയും.
വിധിതിന്നെന്റെ ജീവന്റെജീവനെ,
തെളിവും ഓര്‍മ്മയും കാത്തുവയ്ക്കാന്‍ ഇനിയീ-
കല്ലറ മാത്രം.
ഹൃദയം നുറുങ്ങുന്നു, കണ്ണുനീര്‍ വഴിതേടുന്നു,
"അച്ഛാ..." എന്നൊന്നു വിളിക്കുവാന്‍, ഒരു-
നോക്കുകാണുവാന്‍, ഒരുവാക്കുമിണ്ടുവാന്‍,
ഓര്‍മ്മകള്‍ക്കപ്പുറം ആഴമായ് കൊതിക്കുന്നെന്റെ-
ഉള്ളിന്റെയുള്ളം.
ശരീരമില്ലെങ്കിലുമച്ഛാ.. എനിക്കുറപ്പുണ്ടെന്‍-
കൂടെയുണ്ടാകും നിന്‍ ആത്മാവുകൂട്ടായി.
മരിച്ചിട്ടില്ലയെന്‍ അച്ഛനെന്‍ ഹൃദയത്തില്‍,
ഇനി മരിക്കുകയുമില്ല ഒരിക്കലുമെന്നില്‍.
ഒന്നേയെനിക്കിന്നു ചെയ്യുവാനാകൂ,
കരയുവാനും,കൂടെ പ്രാര്‍ത്ഥിക്കുവാനും,
കിട്ടുവാനെന്നച്ഛനു സ്വര്‍ഗ്ഗവും ശാന്തിയും.
കല്ലറകാല്‍ക്കല്‍ തൊട്ടുതൊഴുതു ചോദിക്കുന്നു-
ഞാനച്ഛനോടു അനുഗ്രഹം.

തിരികെ മടങ്ങുന്നു ഞാന്‍,
യാത്രയാക്കാന്‍ കഴിയാതെ കിടക്കുന്നയെന്ന-
ച്ഛനരികില്‍ നിന്നും.
ഇനിയീ ലോകത്തിലൊരിക്കലും കണ്ടുമുട്ടില്ല-
ഞാനുമെന്നച്ഛനുമെന്നതു സത്യം.
അച്ഛനില്ലാത്ത ലോകം നടന്നു തീര്‍ത്തൊരിക്കല്‍-
ഞാനുമെത്തുമെന്നച്ഛനരികെ...,
ഞാനുമെത്തുമെന്നച്ഛനരികെ...,
കാലമെത്തിക്കുമെന്നയുമെന്നച്ഛനരികെ..

Thursday, 6 March 2014

മുറിവേറ്റ ജീവിതം




എന്റെ ജീവിതം, എന്റെ മുറിവുകളെ-
പൊതിഞ്ഞുകെട്ടും തുണികഷ്ണങ്ങള്‍ മാത്രം.
ഹൃദയത്തില്‍ വേദനകള്‍ക്കായി മാത്രം-
സമയം കണ്ടെത്തിയ ജീവിതം.
ലോകത്തിനു മുന്നില്‍ ഞാന്‍ സന്തോഷത്തിന്റെ-
മുഖംമൂടിയണിയിച്ച എന്റെ ജീവിതം.
ആ ജീവിതം ഇന്നൊരു കണ്ണുനീര്‍ തുള്ളിയില്‍-
ആശ്വസം തേടുന്നു.

എന്റെ ഓര്‍മ്മകളും, എന്റെ സ്വപ്നങ്ങളും,..
എനിക്കു ദുഃഖങ്ങള്‍ മാത്രം.
കണ്ണുനീര്‍ ഒരു സത്യവും, ജീവിതം ആ-
സത്യത്തെ ചുമന്നുനടക്കും മഹാസത്യവും,.
ഇവയുടെ ലക്ഷ്യം മരണമെന്ന ലോകസത്യവും.
ഇന്നെന്റെ കാത്തിരിപ്പ് ആ മരണത്തിനായാണ്.

ഞാന്‍ മരിക്കുന്ന നാളില്‍,
അല്ല.,
         ഞാന്‍ മരിക്കുമൊരു നാളില്‍..,
അന്നെന്റെ ദുഃഖങ്ങള്‍ എന്നില്‍ നിശബ്ദമാകും,
ആ നിശബ്ദത എന്റെ അരികില്‍ ചിലരുടെ കണ്ണുനീരാകും...