Tuesday, 29 April 2014

ഒരു പ്രണയലേഖനം.





പ്രിയ സുഹൃത്തുക്കളേ....
കോളേജ് പഠനകാലത്തെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു സുഹൃത്ത് അവന്റെ പ്രണയിനിക്ക് കൊടുക്കുവാന്‍ വേണ്ടി എഴുതിയതും പിന്നീട് ചില സാഹചര്യങ്ങളാല്‍ ആ പ്രണയം പ്രണയിനി നിഷേധിച്ചതിന്റെ പേരില്‍ കൊടുക്കാന്‍ കഴിയാത്തതുമായ ഒരു പ്രണയലേഖനം ആ സുഹൃത്തിന്റെ അനുവാദത്തോടുകൂടെ നിങ്ങളുടെ വായനയ്ക്കായി തരുന്നു..      
ഒരു യഥാര്‍ത്ഥ പ്രണയലേഖനത്തിലേക്കു ഞാന്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്...

""..ഒരു പ്രഭാതത്തില്‍ നിന്നെ ഈ കോളേജില്‍ വച്ചു ആദ്യമായ് ഞാന്‍ കണ്ടുമുട്ടുമ്പോള്‍, ഒരിക്കലും നീയെന്റെ ഹൃദയത്തിന്റെ സ്പന്ദനമാകുമെന്ന് ഞാന്‍ നിനച്ചില്ല. ഇന്റര്‍വ്യൂ കാര്‍ഡും, സര്‍ട്ടിഫിക്കറ്റുകളും കൊണ്ട് നീ നടന്നു കയറിയത് ഈ കോളേജിലേക്കു മാത്രമല്ല, എന്റെ മനസിലേയ്ക്കും കൂടിയാണ്.വരണ്ടു കിടന്ന എന്റെ മനസാകുന്ന മരുഭൂമിയിലേക്ക് നീ പെയ്തിറങ്ങാന്‍ തുടങ്ങിയ നിമിഷം മുതല്‍ എന്റെ മനസ് നിന്നെ മാത്രം നിനച്ചിരിക്കുകയാണ്. ഒരിക്കലും സ്വന്തമാകില്ല എന്നറിയാമെങ്കിലും ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിന്റെ മനസില്‍ എനിക്കുള്ള സ്ഥാനം പോലും എന്തെന്ന് എനിക്കറിയില്ല. എന്നാലും ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിന്നെ സ്നേഹിക്കുവാനുള്ള അടിസ്ഥാനയോഗ്യത പോലും എനിക്കില്ല എന്നറിയാം. ഒരിക്കലും സൗന്ദര്യം കൊണ്ടും ഒന്നു കൊണ്ടൂും ഞാന്‍ നിനക്ക് യോജിക്കില്ല എന്നെനിക്കറിയാം. പക്ഷേ സ്നേഹിക്കാന്‍ മാത്രമറിയുന്ന, സൗന്ദര്യമുള്ള ഒരു മനസ് എനിക്കുണ്ട്.
                   അസാന്നിദ്ധ്യം ഹൃദയത്തില്‍ സ്നേഹം വളര്‍ത്തുന്നു എന്നത് എത്ര സത്യമാണെന്ന് നിനക്കറിയാമോ...?
നിന്നെ കാണാതിരിക്കുന്ന ഓരോ നിമിഷങ്ങളിലും ഞാന്‍ നിന്നെ കൂടുതല്‍ കൂടുതല്‍ സ്നേഹിക്കുന്നു. നിന്നെ കാണാതിരിക്കുന്നത് ദുഃഖമാണെങ്കിലും ആ ദുഃഖം ഞാന്‍ ആസ്വദിക്കുന്നു.
എന്റെ ഓരോ സന്തോഷത്തിലും സങ്കടത്തിലും അത് പങ്കുവെക്കാന്‍ നീ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ഓര്‍ത്ത് പോവുകയാണ്.
നിന്റെ ജീവിതമാകുന്ന സിനിമയില്‍ വന്നുപോകുന്ന ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരിക്കാം ഞാന്‍, എന്നാല്‍ നീ എന്നും എന്റെ ജീവിതത്തിലെ നിത്യഹരിത നായികയായിരിക്കും. ഷേക്സ്പിയര്‍ ഒരിക്കല്‍ പറഞ്ഞു "ആത്മാര്‍ത്ഥസ്നേഹം ഒരിക്കലും മങ്ങാത്ത നക്ഷത്രത്തെ പോലെയാണെന്ന് ". അത് എത്രമാത്രം ശരിയാണ്.! അല്ലെങ്കില്‍ നീ എന്നോടു പറഞ്ഞ മറുപടി കേട്ടപ്പോള്‍ തന്നെ എന്റെ മനസില്‍ നിന്ന് നീ മാഞ്ഞു പോകേണ്ടതല്ലായിരുന്നു.?
എല്ലാം അവസാനിപ്പിക്കാം എന്ന് വിചാരിക്കുമ്പോള്‍ നിന്റെ ഓര്‍മ്മകള്‍ അതിന് അനുവദിക്കുന്നില്ല.,
എന്റെ മനസില്‍ വിരിഞ്ഞ നീലക്കുറിഞ്ഞി പുഷ്പമേ... നീ ഒരിക്കലും എന്റെ മനസില്‍ നിന്ന് കൊഴിയില്ല.
നിന്റെ വരവും പ്രതിക്ഷിച്ച് സ്നേഹത്തിന്റെ കൂടുകെട്ടി ഞാന്‍ കാത്തിരിക്കാം. പ്രണയത്തിന്റെ മധുരവുമായി നീ എന്നിലേക്ക് വന്നു ചേരുമോ സഖീ....? ""

Thursday, 24 April 2014

പരിണാമം....








ഇനി എനിക്കെന്റെ ആഗ്രഹങ്ങളേയും,
സ്വപ്നങ്ങളേയും വീട്ടില്‍ കഞ്ഞിക്കലത്തിനടിയില്‍-
തീയായി, കനലായി,
ഒരുപിടി ചാരമായി പരിണാമം-
ചെയ്യിക്കേണ്ടിയിരിക്കുന്നു.
ഇല്ലേല്‍,
വീട്ടില്‍ തീകായാത്ത അടുപ്പിനകലെ
എനിക്കായി തുറന്നിരിക്കുന്ന മറ്റുചില-
കണ്ണുകള്‍ കലങ്ങി അടയുന്നതു
കണേണ്ടിവരും ഞാന്‍...

സ്വയം കണ്ണുനീര്‍ കുടിച്ച്,
വീട്ടില്‍ എനിക്കായി തുറന്നിരിക്കുന്ന മറ്റു
കണ്ണുകളില്‍ കണ്ണുനീര്‍ ജനിക്കാതെ
നോക്കേണ്ടിരിക്കുന്നു ഞാന്‍...
എന്റെ വയറു നിറയ്ക്കാന്‍-
എന്നും എന്‍ അമ്മ കണ്ണു നനയ്ക്കും...





Friday, 18 April 2014






നിശബ്ദതയുടെ നൊമ്പരങ്ങള്‍,... അവ
നിശബ്ദതയില്‍ ജനിച്ചു,
നിശബ്ദതയില്‍ മരിക്കുന്നു.
ശബ്ദങ്ങള്‍ അവയെ അറിയാതെ-
ശബ്ദിച്ചുകൊണ്ടേയിരിക്കുന്നു...

Saturday, 12 April 2014











ഈറനണിഞ്ഞയീ രാത്രിയില്‍,
ഈറനണിഞ്ഞ ഓര്‍മ്മകളാല്‍-
ഈറനണിഞ്ഞ കണ്ണുകളുമായി,
ഈ നാലു ചുമരിനുള്ളില്‍ ഞാനും,
ഈയെന്റെ ഏകാന്തതയും മാത്രം....









Friday, 11 April 2014

ഒരുനൂറു പൂവില്‍ നിന്നും-
ഒത്തിരി തേന്‍ നുകര്‍ന്നു,
വിരലിലെണ്ണും നാളുകള്‍ മാത്രം ജീവിച്ചു,
ഒരായുസ്സ് അവസാനിപ്പിക്കുന്ന-
ആ വര്‍ണ്ണ ശലഭങ്ങള്‍ക്കു,
ഒരുവാക്കു മിണ്ടുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍
അവ ലോകത്തോടു വിളിച്ചുപറഞ്ഞേനേ...
ഭൂമിയെത്ര സുന്ദരം എന്ന്....

Wednesday, 9 April 2014

ചിതറിയ അക്ഷരങ്ങള്‍....








എന്റെ പിന്നിലൊരു കണ്ണുനീര്‍ കടലെന്നറിയുന്നു
ഞാന്‍,
മുന്നിലൊരേകാന്തതതന്‍ മരുഭൂമിയും.
ഇവയ്ക്കിടയില്‍ എന്റെ ഹൃദയത്തിനുള്ളില്‍പ്പെട്ടു-
തേങ്ങിക്കരയുന്ന ചിതറിയ അക്ഷരങ്ങള്‍-
കാണുന്നുഞാന്‍.
ഇനിയാ ചിതറിയ അക്ഷരങ്ങളെ വാക്കുകളാക്കി-
യവയെ വരികളിലെഴുതി ജീവനേകുന്നുഞാന്‍.
ആ അക്ഷരങ്ങള്‍ കാലം ചിതറിച്ച എന്റെ-
കഴിഞ്ഞകാല ജീവിതമാണ്.
അവയില്‍ ഞാനുണ്ട്,
എന്റെ വികാരങ്ങളുമുണ്ട്...

Friday, 4 April 2014








കാലത്തിന്റെ യാത്രാവഴിമദ്ധ്യേ ജീവിതത്തിന്റെ-
കണക്കുകള്‍ കൂട്ടുകയും കുറയ്ക്കുകയും ചെയ്യേണ്ടി-
വന്നപ്പോള്‍, ഹൃദയത്തിന്റെ പുസ്തകത്തില്‍-
നിന്നും ഒരു താളുകീറിഞാനെടുത്തു.
പഴക്കംചെന്ന ആ താളില്‍ എന്നോ സ്നേഹ-
ത്തിന്റെ മഷിയാല്‍ ഞാനെഴുതിയ അവളുടെ-
ഓര്‍മ്മകള്‍ എന്റെ കണ്ണുകളില്‍ വീണ്ടും-
വര്‍ണ്ണങ്ങള്‍ ചാലിച്ചു.
നിമിഷങ്ങള്‍ ബാക്കിവയ്ക്കാതെ അണപൊട്ടിയ-
കണ്ണീരാല്‍ ആ വര്‍ണ്ണങ്ങള്‍ മങ്ങിമാഞ്ഞു.,
അല്ല, കണ്ണീരാല്‍ ഞാനാ വര്‍ണ്ണങ്ങള്‍-
മായ്ക്കാന്‍ ശ്രമിച്ചു.
ഇനിയാ താളില്‍, കാലം മുന്നില്‍ കാണിക്കുന്ന-
ജീവിതത്തിന്റെ കണക്കുകള്‍ എനിക്കു-
കൂട്ടിക്കുറയ്ക്കേണ്ടതുണ്ട്...,

Tuesday, 1 April 2014

വെറുമൊരോര്‍മ്മപ്പെടുത്തല്‍.









മറവിക്കും ഓര്‍മ്മയ്ക്കുമിടയില്‍ ഒളിച്ചുകളിക്കുന്ന-
ചില വേദനകള്‍.,
അവ ഉരുകി കണ്ണുനീരായി എന്റെ കണ്ണുകളിലൂടെ-
പുറത്തേയ്ക്കു വഴിതേടി.,
എന്നിലെ ഞാനവയ്ക്കു വഴികാട്ടി.
ഇന്നവയ്ക്കതൊരു നടപ്പാതയാണ്.
കാലവും സമയവും തെറ്റി അവ-
ആ വഴി വരാറുണ്ട്.

ഒരുപക്ഷേ, അതുചില ഓര്‍മ്മപ്പെടുത്തലുകളാവാം.,
നഷ്ടബോധത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍...,
എങ്കിലും ആ കണ്ണുനീര്‍ത്തുള്ളികള്‍ എനിക്കു-
നഷ്ടപ്പെട്ടതൊന്നും തിരിച്ചു നല്‍കുന്നില്ല എന്നതു-
മാത്രമാണ് സത്യം...,



























കരിയിലയതിന്‍ പ്രണയം കാറ്റിനോടു ചൊല്ലി.
കാലങ്ങളായി പ്രണയം പകുത്തു മതിവരാത്ത-
കാറ്റ്, ആ പ്രണയാഭ്യര്‍ത്ഥന സ്വീകരിച്ചു.
ഇലയെ കാറ്റതിന്‍ ചിറകിലേറ്റി,
കാറ്റതിന്‍ പ്രണയം ഇലയ്ക്കു പകുത്തുകൊടുത്തു.

പറയാതെ എതിര്‍പ്പെട്ടു തമ്മില്‍ ആലിങ്കനം-
ചെയ്ത കാറ്റുകള്‍ക്കിടയില്‍പ്പെട്ടു നിലതെറ്റിയായിലയ്ക്കു.
തന്‍ ജീവനായി കരഞ്ഞായില, തന്‍-
പ്രണയത്തിനായി കരഞ്ഞായില..,
എങ്കിലും, പക്ഷേ...,
ആരും കേള്‍ക്കാതെയാ കരച്ചില്‍ നിലച്ചു.
ആ ഇല മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു,
മുള്ളില്‍ കൊരുത്തു, ആരുമറിയാതായില മരിച്ചു.
തന്റെ പ്രണയിനി മരിച്ചതറിയാതെ-
കാറ്റ് വീണ്ടും വീശുന്നു,
വീണ്ടും പ്രണയങ്ങള്‍ തേടുന്നു....,

കഥാപാത്രങ്ങള്‍.












തുറക്കപ്പെടാത്ത പുസ്തകത്താളുകള്‍,
ആരോ എന്നോ വായിച്ചു മടക്കിയ-
അവസാന താളുകള്‍.,
ആരൊക്കെയോ എഴുതി ജീവന്‍ കൊടുത്തതും,
ആരുടെയൊക്കെയോ വായനയിലൂടെ ജീവിച്ച-
തുമായ ചില ജീവന്റെ തുടിപ്പുകള്‍, ആ-
പുസ്തകങ്ങള്‍ക്കുള്ളിലുണ്ട്.,
അവരെ നമ്മള്‍ കഥാപാത്രങ്ങള്‍ എന്നു വിളിച്ചു.

കഥാപാത്രങ്ങള്‍,
വായനശാലകള്‍ എന്നപേരില്‍ മുറികളില്‍-
അടയ്ക്കപ്പെട്ട, പൊടിയടിച്ചു പുറംചട്ടമങ്ങിയ,
ചിതലുകള്‍ കഴുത്തറുത്തുമുറിക്കുന്ന പാവങ്ങള്‍.
അവര്‍ മരിച്ചു തുടങ്ങിയിരിക്കുന്നു..

ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ഏടുകളും,
വിശ്വവിഖ്യാത ഇതിഹാസങ്ങളും,
ആ സങ്കീര്‍ത്തനവും,. തുടങ്ങിയ-
സൃഷ്ടികളില്‍ ജനിച്ച കഥാപാത്രങ്ങള്‍.
ആരുടെയൊക്കെയോ വായനയിലൂടെ ജീവിച്ചയാ-
കഥാപാത്രങ്ങളെ ഇന്നത്തെ തലമുറകള്‍-
കാണാതെ പോകുന്നുവെന്നത് സത്യമോ...?
അതോ കാലം കാത്തുവച്ച വിധിയോ....?

വായനയില്ലാത്ത ലോകത്തിലെ, വായിക്കപ്പെ-
ടാത്ത പുസ്തകങ്ങളിലെ കഥാപാത്രങ്ങള്‍-
ഇനിയും മരിച്ചുകൊണ്ടേ ഇരിക്കും.

മരിച്ചുകൊണ്ടിരിക്കുന്ന കഥാപാത്രങ്ങള്‍ക്കു-
ജന്മം കൊടുത്തവര്‍ വീണ്ടും പുതിയ കഥാപാ-
ത്രങ്ങള്‍ക്കു ജന്മം-
കൊടുത്തുകൊണ്ടേയിരിക്കുന്നു.......